
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെയും മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിനെയും എന്‍ഐഎ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്ത്. മുന്‍പ് രണ്ടു തവണ ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ത്തന്നെ ശിവശങ്കര്‍ ഇത്തവണയും ഉറച്ചുനിന്നു. കസ്റ്റംസ് സ്വര്‍ണ്ണം പിടിച്ചെടുത്ത ശേഷം സ്വപ്‌ന താനുമായി ബന്ധപ്പെട്ടിരുന്നെന്നും എന്നാല്‍ താന്‍ സ്വപ്‌നയ്ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ലെന്നും ശിവശങ്കര്‍ ആവര്‍ത്തിച്ചു.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌നയ്ക്ക് യൂണിടെക്കില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചോയെന്നും അക്കാര്യം അറിഞ്ഞിരുന്നോയെന്നുമുള്ള ചോദ്യത്തിന് ഇക്കാര്യം അറിയില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ശിവശങ്കര്‍ ഈ മൊഴി നല്‍കിയിരുന്നു. അത് ആവര്‍ത്തിക്കുകയാണ് ചെയ്തത്.
സ്വപ്നയോടും ഇക്കാര്യം ചോദിച്ചു. സ്വപ്നയും താന്‍ ഈ വിവരം ശിവശങ്കറിനോട് പറഞ്ഞിരുന്നില്ല എന്ന മൊഴിയാണ് നല്‍കിയത്. മാത്രമല്ല ഇരുവരുടെയും വിദേശയാത്രകള്‍ അടക്കമുള്ള കാര്യങ്ങള്‍ കൂടാതെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം ആരാഞ്ഞു.
എല്ലാ കൂടിക്കാഴ്ചകളും വ്യക്തിപരമായിരുന്നു എന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവശങ്കര്‍ ചെയ്തത്. ശിവശങ്കര്‍ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങള്‍ ഏറെക്കുറെ സ്വപ്നയും സമ്മതിക്കുന്നുണ്ട്. ഇരുവരുടെയും മൊഴികള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറില്‍ നിന്നായി ഒരു കോടി രൂപയാണ് കണ്ടെടുത്തത്. നേരത്തെ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പറഞ്ഞത് ശിവശങ്കര്‍ പറഞ്ഞത് അനുസരിച്ചാണ് ലോക്കര്‍ എടുത്ത് നല്‍കിയതെന്നാണ്. എന്നാല്‍ അതിലെ തുകയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു. അതേ കാര്യം തന്നെയാണ് ശിവശങ്കര്‍ ആവര്‍ത്തിച്ചത്. എന്നാല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും ശിവശങ്കറിന്റെയും മൊഴികളില്‍ വൈരുദ്ധ്യം ഉണ്ട്. അത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെ മറ്റ് ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
എന്നാല്‍, അന്വേഷണത്തിനിടയില്‍ വേണ്ടിവന്നാല്‍ ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യലിനായി വിളിപ്പിക്കുമെന്ന എന്‍.ഐ.എ സൂചന നല്‍കുന്നുണ്ട്. ശിവശങ്കറിന്റെയും സ്വപ്‌നയുടെയും മൊഴികള്‍ അന്വേഷണസംഘം പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല എന്നതിന് വ്യക്തമായ തെളിവാണിത്. ശിവശങ്കറിനെ സംരക്ഷിക്കുന്ന തരത്തിലുള്ള മൊഴികളാണോ സ്വപ്ന നല്‍കിയത് എന്നകാര്യമാണ് അന്വേഷണ സംഘം ഇപ്പോള്‍ പരിശോധിച്ചുവരുന്നത്. ഇക്കാര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമായിരിക്കും ശിവശങ്കറിന്റെ കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി ഒരു അന്തിമ തീരുമാനത്തിലേക്ക് കടക്കുക.
എന്നിരുന്നാലും മൂന്നാം തവണയും ചോദ്യംചെയ്തശേഷം വിട്ടയച്ചത് ശിവശങ്കറിന് വലിയൊരു ആശ്വാസമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശിവശങ്കറിന് മാത്രമല്ല, സ്പ്രിംഗ്‌ളര്‍ ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ ശക്തമായ പിന്തുണ നല്‍കിയ മുഖ്യമന്ത്രിക്കും ഇക്കാര്യത്തില്‍ ആശ്വസിക്കാം.