
പാലക്കാട്: മലയാള സാഹിത്യത്തിന്റെ ധന്യ നിമിഷത്തില്‍ മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌ക്കാരം സമ്മാനിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം മഹാകവി അക്കിത്തത്തിന് അദ്ദേഹത്തിന്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തില്‍ ലളിതമായ ചടങ്ങില്‍ വച്ചാണ് സമ്മാനിച്ചത്. വീടിനോടുചേര്‍ന്ന് തയാറാക്കിയ പ്രത്യേകവേദിയില്‍ നടന്ന പ്രൗഢമായ ചടങ്ങിലായിരുന്നു മലയാളത്തിന്റെ മഹാഭാഗ്യമായ കവിക്ക് മന്ത്രി എ.കെ.ബാലന്‍ പുരസ്‌കാരം സമ്മാനിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒാണ്‍ലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്ത് മലയാളത്തിന് ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാര സമര്‍പ്പണം നടത്തി. നിരുപാധിക സ്‌നേഹമാണ് അക്കിത്തത്തിന്റെ കവിതകളുടെ അടിസ്ഥാനശിലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവിതബോധവും പരിസ്ഥിതിബോധവും മാനുഷിക തലവും അദ്ദേഹം എന്നും ഉയര്‍ത്തിപിടിച്ചു. ദര്‍ശനങ്ങള്‍കൊണ്ട് ഋഷിതുല്യനായ കവിയാണ് അക്കിത്തം. 20 ാം നൂറ്റാണ്ടിന്റെ ഇതിഹാസം കമ്യൂണിസ്റ്റ് വിരുദ്ധ കവിതയെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വൈലോപ്പള്ളിയുടെ കുടിയൊഴിപ്പിക്കലുമായി കൂട്ടിവായിക്കേണ്ട കൃതിയാണ് അതെന്നു മനസിലാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജ്ഞാനപീഠംപുരസ്‌കാരസമിതി ചെയര്‍പേഴ്‌സന്‍ പ്രതിഭാറായി, സമിതി ഡയറക്ടര്‍ മധുസൂദനന്‍ ആനന്ദ്, എം.ടി.വാസുദേവന്‍ നായര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി എന്നിവര്‍ ഒാണ്‍ലൈനായി കവിക്ക് ആശംസ നേര്‍ന്നു. പുരസ്‌കാരം സ്വീകരിച്ച് അക്കിത്തത്തിന്റെ മകന്‍ വാസുദേവന്‍ മറുപടി പ്രസംഗം വായിച്ചു. സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍, അക്കാദമിസെക്രട്ടറി ഡോ. കെ.പി.മോഹനന്‍, കവി പ്രഭാവര്‍മ, മാടമ്പ് കുഞ്ഞുക്കുട്ടന്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പി.പി.രാമചന്ദ്രന്‍, പി.സുരേന്ദ്രന്‍, വി.ടി.വാസുദേവന്‍, പ്രഫ. എം.എം.നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, തൃത്താല എംഎല്‍എ വി.ടി.ബല്‍റാം, ജ്ഞാനപീഠം പുരസ്‌കാരസമിതി പ്രതിനിധികള്‍, കപ്പൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ആര്‍.സദാശിവന്‍നായര്‍, ജില്ലാകലക്ടര്‍ ഡി.ബാലമുരളി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
അക്കിത്തം അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന, ആത്മാരാമന്‍ തയാറാക്കിയ-അക്കിത്തം. സചിത്രജീവചരിത്രം എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. മകനും ചിത്രകാരനുമായ വാസുദേവന്റെ ചിത്രങ്ങളടങ്ങിയ പുസ്തകം ഡല്‍ഹിയിലെ പ്രസാധകരാണ് പുറത്തിറക്കുന്നത്. ഭാരതീയ ഭാഷകളിലെ സാഹിത്യത്തിന് അതുല്യസംഭാവനകള്‍ നല്‍കുന്ന ഏഴുത്തുകാര്‍ക്കാണ് ജ്ഞാനപീഠം പുരസ്‌കാരം നല്‍കുന്നത്.
ജ്ഞാനപീഠപുരസ്‌കാര സമ്മാന ചടങ്ങില്‍ അക്കിത്തത്തെ കാലിഗ്രാഫിയില്‍ വിവിധഭാഷകളില്‍ അദ്ദേഹത്തിന്റെ പേര് ആലേഖനം ചെയ്ത ഷാളുമണിയിച്ചു. പ്രശസ്ത കാലിഗ്രാഫിസ്റ്റ് നാരായണഭട്ടതിരിയാണ് ഷാളിന്റെ നിര്‍മാതാവ്. ബ്രൗണ്‍ കളറില്‍ 15 ഭാഷകളിലാണ് അക്കിത്തത്തിന്റെ പേര് ഇതില്‍ ഏഴുതിയിട്ടുള്ളത്. കറന്‍സിയിലുള്ള ഭാഷകളുടെ എണ്ണമാണു എടുത്തതെന്നു ഭട്ടതിരി പറഞ്ഞു. നേരത്തെ ഒ വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹം തയാറാക്കിയ 30 കാലിഗ്രാഫിക് തസ്രാഖില്‍ സ്ഥാപിച്ചിട്ടുണ്ട്.