Breaking News

പരാജയ ഭീതി: എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളിക്ക് സാധ്യതയെന്ന് ബി.ജെ.പി

ബി.ജെ.പിയോ എന്‍.ഡി.എയോ ഒരു സ്വതന്ത്രന്‍മാര്‍ക്കും പിന്തുണ നല്‍കുന്നില്ല. അത്തരത്തിലുള്ള അവകാശവാദം ഉന്നയിച്ച് പ്രചരണം നടത്തുന്ന സ്വതന്ത്രര്‍ക്കെതിരെ അനുയോജ്യമായ നിയമ നടപടികള്‍ സ്വീകരിക്കും

ബി.ജെ.പി നേതാക്കള്‍ പത്രസമ്മേളനത്തിനിടെ

വര്‍ക്കല: വര്‍ക്കല നിയോജക മണ്ഡലത്തിലെ ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ പരാജയം മണത്ത് പരിഭ്രാന്തരായ ഇടത്-വലത് മുന്നണികള്‍ ഒത്തുകളിക്കാന്‍ സാധ്യതയെന്ന് ബി.ജെ.പി പ്രാദേശിക ഘടകം. വര്‍ക്കല പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് ബി.ജെ.പി നേതാക്കള്‍ ഇടത്-വലത് മുന്നണികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചത്.
നിയോജക മണ്ഡലത്തിലെ 149 വാര്‍ഡുകളില്‍ 140 എണ്ണത്തിലും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. വര്‍ക്കല നഗരസഭയുള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം പിടിച്ചെടുക്കാനുള്ള ശക്തമായ പോരാട്ടമാണ് എന്‍.ഡി.എ നിയോജക മണ്ഡലമൊട്ടാകെ നടത്തുന്നത്.
മണ്ഡലത്തിലാകെ ബി.ജെ.പി നടത്തുന്ന മുന്നേറ്റത്തില്‍ ഇടത്-വലത് മുന്നണികള്‍ പരിഭ്രാന്തരാണ്. ബി.ജെ.പിയെ തോല്‍പിക്കാന്‍ വേണ്ടി ഇരുമുന്നണികളും ഒത്തുകളിക്കുള്ള കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളെ അതിജീവിച്ച് ബി.ജെ.പി വിജയിക്കുക തന്നെ ചെയ്യും.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് കാര്യമായ പരിഗണന നല്‍കിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്. ജനക്ഷേമം മുന്‍നിര്‍ത്തി അഴിമതി രഹിതവും സുതാര്യവും സമഗ്രവുമായ വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥികള്‍ കളം നിറഞ്ഞുനില്‍ക്കുന്നത്-മണ്ഡലം പ്രസിഡന്റ് അജുലാല്‍ പറഞ്ഞു.
വര്‍ക്കല നഗരസഭയിലെ 27-ാം വാര്‍ഡ് കൗണ്‍സിലറായിരുന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം സ്വപ്‌ന ശേഖറിനെ പാര്‍ട്ടിയുടെ ചുമതലകളില്‍നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തിയതായും അജുലാല്‍ പറഞ്ഞു. നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സ്വതന്ത്രന്മാരായി മത്സരിക്കുന്ന ചില സ്ഥാനാര്‍ത്ഥികള്‍ എന്‍.ഡി.എയുടെ സ്വതന്ത്രന്മാരെന്ന വ്യാജ പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
ബി.ജെ.പിയോ എന്‍.ഡി.എയോ ഒരു സ്വതന്ത്രന്‍മാര്‍ക്കും പിന്തുണ നല്‍കുന്നില്ല. അത്തരത്തിലുള്ള അവകാശവാദം ഉന്നയിച്ച് പ്രചരണം നടത്തുന്ന സ്വതന്ത്രര്‍ക്കെതിരെ അനുയോജ്യമായ നിയമ നടപടികള്‍ സ്വീകരിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് അജുലാലിനൊപ്പം ജനറല്‍ സെക്രട്ടറി തച്ചോട് സുധീറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *