Breaking News

‘ഡീപ് ഓഷ്യന്‍ മിഷന്‍’: ഭാരതത്തിന്റെ ഭാവി മാറ്റിമറിക്കുന്ന ദൗത്യം

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ഭാവി മാറ്റി മറിക്കുന്ന ‘ഡീപ് ഓഷ്യന്‍ മിഷന്‍’ നാല് മാസത്തിനുള്ളില്‍ ആരംഭിക്കും. കടലിന്റെ അടിത്തട്ടിലുള്ള ധാതുക്കള്‍, ഊര്‍ജ്ജം, സമുദ്ര വൈവിധ്യം തുടങ്ങിയവയുടെ പര്യവേക്ഷണം വിഭാവനം ചെയ്യുന്ന ദൗത്യമാണ് ‘ഡീപ് ഓഷ്യന്‍ മിഷന്‍’. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയ സെക്രട്ടറി എം.രാജീവനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ ഭാവി മാറ്റിമറിക്കാന്‍ പ്രാപ്തിയുള്ള ദൗത്യത്തിനുവേണ്ട അംഗീകാരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൗമ ശാസ്ത്ര മന്ത്രാലയവും ഡി.ആര്‍.ഡി.ഒ, ഐ.എസ്.ആര്‍.ഒ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോ ടെക്നോളജി, സി.എസ്.ഐ.ആര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പങ്കാളിത്തം വഹിക്കുന്ന ദൗത്യത്തിന്റെ ചെലവ് 4000 കോടി രൂപയാണ്. ദൗത്യത്തിനുവേണ്ട സാങ്കേതിക വിദ്യകളില്‍ ചിലത് വികസിപ്പിക്കുന്നത് തദ്ദേശീയമായാണ്. ഡിആര്‍ഡിഒ-യും ഐ.എസ്.ആര്‍.ഒ-യുമാണ് ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ആഴക്കടലിലേക്ക് മനുഷ്യനെ എത്തിക്കാന്‍ ശേഷിയുള്ള മുങ്ങിക്കപ്പലിന്റെ രൂപകല്‍പ്പന, വികസനം തുടങ്ങിയവയും ആഴക്കടല്‍ ഖനനത്തിനുള്ള സാധ്യതകള്‍ അന്വേഷിക്കുകയും, ആവശ്യാമയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയും ചെയ്യുക എന്നതും ഈ ദൗത്യത്തിന്റെ ഭാഗമാണ്.
നിലവില്‍ ചൈന, കൊറിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളാണ് ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ഡീപ് ഓഷ്യന്‍ മിഷന്‍ തന്ത്രപ്രധാനമായ പ്രാധാന്യമുണ്ടെന്നും കൂടാതെ ഇന്ത്യയുടെ വിശാലമായ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണും കോണ്ടിനെന്റല്‍ ഷെല്‍ഫും പര്യവേക്ഷണം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് ഉത്തേജനം നല്‍കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ 1.5 ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഭാഗമാണ് ഇന്ത്യ പര്യവേക്ഷണത്തിനായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ പോളി-മെറ്റാലിക് സള്‍ഫൈഡുകള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി അന്താരാഷ്ട്ര സമുദ്ര അടിത്തട്ട് അതോറിറ്റിയുമായി 2016-ല്‍ ഇന്ത്യ 15 വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *