
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ചൈനയ്ക്ക് ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴും ഭീഷണി തന്നെയാണ്. പ്രസിഡന്റ് പദവി ഏറ്റെടുക്കാനിരിക്കുന്ന ജോ ബൈഡന് പ്രതിസന്ധി സൃഷ്ടിക്കാന്‍ അമേരിക്ക-ചൈന ബന്ധം വഷളാക്കാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെനറ്റിന്റെ അനുമതി ആവശ്യമില്ലാത്ത പ്രസിഡന്റിന്റെ എക്സിക്യുട്ടീവ് ഉത്തരവുകളാണ് ഇത്തരമൊരു സാഹചര്യത്തെ കുറിച്ച് ചിന്തിക്കാന്‍ വിവിധ മേഖലകളിലെ വിദഗ്ധരെ പ്രേരിപ്പിക്കുന്നത്. ബൈഡനാണ് ട്രംപിന്റെ ലക്ഷ്യമെങ്കിലും അത്തരം ഉത്തരവുകള്‍ ഫലത്തില്‍ ചൈനയെ പ്രതിരോധത്തിലാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ചൈനയില്‍ ഉയിഗുര്‍ മുസ്ലിം വിശ്വാസികളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന ആരോപണത്തില്‍ ട്രംപ് ഏതെങ്കിലും വിധത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ സംശയിക്കുന്നു. ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിക്കുക, കൂടുതല്‍ കമ്പനികള്‍ക്ക് നിയന്ത്രണമോ വിലക്കോ ഏര്‍പ്പെടുത്തി വ്യാപാരബന്ധം വഷളാക്കുക തുടങ്ങിയ നടപടികളും ട്രംപില്നിന്നുണ്ടാവാമെന്ന് കരുതുന്നവരുമുണ്ട്.
ടിക്ടോക്ക്, വി ചാറ്റ് തുടങ്ങിയ ചൈനീസ് ആപ്പുകള്‍ക്ക് നിലവില്‍ അമേരിക്കയില്‍ നിരോധനം ഉണ്ട്. ഇത് കൂടാതെ കൂടുതല്‍ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യതയുമുണ്ട്. വാവെ ടെക്നോളജിയുടെ സെമി കണ്ടക്ടറുകളുടെ വില്പ്പ നിരോധിക്കാനും ട്രംപ് മനസ്സുവച്ചാല്‍ സാധിക്കും.
ഇതിനെല്ലാം പുറമേയാണ് കോവിഡ് വൈറസിന്റെ ഉത്തരവാദിത്തം ചൈനയാണെന്ന വിമര്‍ശനം ട്രംപ് കടുപ്പിക്കുമെന്ന സൂചനകള്‍. കോവിഡ് വൈറസിനെ ചൈനാ വൈറസെന്നാണ് ട്രംപ് പല തവണ വിശേഷിപ്പിച്ചത്. ലോകം മുഴുവന്‍ കോവിഡ് കാരണം ജനങ്ങള്‍ പ്രതിസന്ധിയിലായതു കാരണം ഇക്കാര്യത്തില്‍ ട്രംപിന്റെ നിലപാടുകള്‍ അന്താരാഷ്ട്ര തലത്തില്‍ പോലും ചൈനയെ പ്രതിരോധത്തിലാക്കും.
അതേസമയം, ചൈനയോടുള്ള ട്രംപിന്റെ നിലപാടുകളില്‍നിന്ന് വലിയ വ്യത്യാസമൊന്നും ഇല്ലാത്തതായിരിക്കും ബൈഡന്റെയും നിലപാടുകളെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. വിജയമുറപ്പിച്ചശേഷം ബൈഡന് നടത്തിയ ആദ്യ പ്രസ്താവനയും ഇത് സാധൂകരിക്കുന്നതാണ്.
അമേരിക്കയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നാണ് ബൈഡന് പറഞ്ഞത്. വ്യാപാര മേഖലയിലൂടെ ലോകത്ത് നമ്പര്‍ വണ്‍ ശക്തിയാവാന്‍ ആഗ്രഹിക്കുന്ന ചൈനയോട് ബൈഡന് സ്വീകരിച്ചേക്കാവുന്ന നിലപാടുകളുടെ സൂചനയാണ് ബൈഡന്റെ വാക്കുകളിലുള്ളതെന്ന് വ്യക്തമാണ്.