
മുംബൈ: ആത്മഹത്യാ പ്രേരണക്കേസില്‍ റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. നിലവില്‍ നവി മുംബൈയിലെ തലോജ ജയിലില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുകയാണ് അര്‍ണബ്. ഹേബിയസ് ഹര്‍ജിയിലാണ് കോടതി അര്‍ണബിന് ഇടക്കാല ജാമ്യം നിഷേധിച്ചത്.
കേസ് റദ്ദാക്കണണെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു അര്‍ണബ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ജാമ്യാപേക്ഷ തള്ളിയ കോടതി ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കാന്‍ വാദത്തിനിടെ പരാമര്‍ശിച്ചു. നാലു ദിവസത്തിനുള്ളില്‍ കേസ് പരിഗണിക്കണമെന്നും നിര്‍ദേശിച്ചു.
ഇടക്കാല ജാമ്യം നിഷേധിക്കാന്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിനെ സ്വാധീനിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് അര്‍ണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അലിബാഗ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.