Breaking News

നൂറുദിന കര്‍മ്മ പദ്ധതി വഴി വയനാട്ടിലേക്ക് തുരങ്കപാത

കിഫ്ബി വഴി 658 കോടി രൂപയുടെ ഭരണാനുമതി
ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ 5ന്

വയനാട്: ചുരം കയറി ബുദ്ധിമുട്ടാതെ വയനാട്ടിലെത്താന്‍ ഇനി തുരങ്ക പാത. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തുരങ്ക പാതയ്ക്ക് കിഫ്ബി വഴി 658 കോടി രൂപയുടെ ഭരണാനുമതിയും സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ 5ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. സ്വര്‍ഗംകുന്ന് മുതല്‍ കള്ളാടി വരെയുള്ള 6.8 കി.മീ ദൂരത്തില്‍ തുരങ്കപാതയും കള്ളാടി ഭാഗത്തേക്ക് രണ്ടുവരി പാതയുള്ള അനുബന്ധ റോഡും നിര്‍മ്മിക്കുന്നതാണ് പദ്ധതി.
വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയാണ് വയനാട് ചുരം. എന്നാല്‍, ഇവിടത്തെ ഗതാഗതക്കുരുക്ക് യാത്രക്കാരുടെ മനംമടുപ്പിക്കുന്നതാണ്. മഴക്കാലങ്ങളില്‍ മണ്ണിടിച്ചില്‍ ഇവിടെ പതിവാണ്. മണ്ണിടിച്ചില്‍ മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ ഗതാഗതക്കുരുക്ക് ഉണ്ടായാല്‍ യാത്രക്കാര്‍ മണിക്കൂറുകളോളം ഇവിടെ കുടുങ്ങിപ്പോകുന്ന അവസ്ഥയാണുള്ളത്. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ഏഴ് കിലോമീറ്ററോളം ദൂരമുള്ള തുരങ്കപാത യാഥാര്‍ത്ഥ്യമായാല്‍ യാത്രക്കാര്‍ക്ക് അത് വളരെ വലിയ ആശ്വാസമായിരിക്കും.
മാത്രമല്ല, മലബാറിലെ മലയോരമേഖലയ്ക്കാകെ പുത്തുനുണര്‍വ്വ് നല്‍കാന്‍ ഈ പാതയ്ക്ക് സാധിക്കും. തുരങ്ക പാതയിലൂടെ കര്‍ണാടകയില്‍നിന്ന് മലബാര്‍ മേഖലയിലേക്കുള്ള ചരക്കുനീക്കം എളുപ്പത്തില്‍ സാധ്യമാകും. ഇത് മലബാര്‍ മേഖലയിലെ വ്യാപാരരംഗത്തെ വികസന പുരോഗതിക്ക് വഴിയൊരുക്കും. നിലവില്‍ ചരക്കു ലോറികള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഈ മേഖയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് (കെ.ആര്‍.സി.എല്‍) വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മൂന്ന് മാസത്തിനകം സാങ്കേതിക പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. കെ.ആര്‍.സി.എല്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ മുരളീധറിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് സാങ്കേതിക പഠനം നടത്തുന്നത്.
പാതയുടെ അലൈന്‍മെന്റ് കൊങ്കണ്‍ റെയില്‍വേ തയാറാക്കി. വയനാട്, മേപ്പാടി ഭാഗത്തും ചൂരല്‍മല ഭാഗത്തും അവസാനിക്കുന്ന നാല് അലൈന്‍മെന്റുകളാണ് തയാറാക്കിയത്. ഇതില്‍ മേപ്പാടി-കള്ളാടി ഭാഗത്ത് അവസാനിക്കുന്ന അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
എന്നാല്‍, പദ്ധതി നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമ്പോള്‍ പല ഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നുവരാനും സാധ്യതയുണ്ട്. കാരണം ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ പരിസ്ഥിതിലോല മേഖലയായി രേഖപ്പെടുത്തിയിരിക്കുന്ന പ്രദേശമാണിത്. ഈ മേഖലയിലെ പാറപൊട്ടിക്കല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പരിസ്ഥിതിരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
തുരങ്കപാത നടക്കാത്ത പദ്ധതിയാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. പശ്ചിമഘട്ട മലനിരകള്‍ തുരന്നുകൊണ്ട് പാതനിര്‍മ്മിക്കല്‍ അസാധ്യമാണെന്നാണ് ഇവരുടെ പക്ഷം. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന് ഉണ്ടായ ഗതി തങ്ങളുടെ വാദത്തിന് ഉപോല്‍ബലമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ തറക്കല്ലിട്ടെങ്കിലും നാളിതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ നടന്നിട്ടില്ല.
പാരിസ്ഥിതിക പ്രശ്‌നങ്ങളും സാങ്കേതിക പ്രശ്‌നങ്ങളും ആശങ്കയുണര്‍ത്തുന്നുണ്ടെങ്കിലും തുരങ്കപാത യാഥാര്‍ത്ഥ്യമാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഈ മേഖലയിലുള്ള ജനങ്ങള്‍. കാരണം, മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കില്‍ നിന്നും വ്യാപാരമേഖലയിലെ വികസനത്തിനും ഉള്ള ഏക പരിഹാരമായി അവര്‍ കാണുന്നത് ഈ തുരങ്കപാതയെയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *