Breaking News

കാര്‍ഷിക ബില്‍: കര്‍ഷകര്‍ക്ക് വിലക്കുമായി ഹരിയാന സര്‍ക്കാര്‍

ഹരിയാന: കാര്‍ഷിക ബില്‍ നിയമമായതിന് പിന്നാലെ കര്‍ഷകര്‍ക്ക് വിലക്കുമായി ഹരിയാന സര്‍ക്കാര്‍. ഉത്തര്‍പ്രദേശില്‍നിന്ന് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനെത്തിയ കര്‍ഷകര്‍ക്കാണ് ഹരിയാനയിലെ കര്‍ണാലില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൊത്തവിതരണ കച്ചവടകേന്ദ്രങ്ങളില്‍ ധാന്യവിളകള്‍ വില്‍ക്കാനെത്തിയവരായിരുന്നു ഇവര്‍.
പ്രാദേശിക കര്‍ഷകരുടെ വിളകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി ബസുമതി ഇതര ഉത്പന്നങ്ങളുടെ വില്പനയ്ക്കായി കര്‍ഷകര്‍ സംസ്ഥാന അതിര്‍ത്തി കടക്കുന്നത് തടയാന്‍ കര്‍ണാല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ നിഷാന്ത് യാദവ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബസുമതി ഇതര അരി ഇനങ്ങള്‍ വില്‍ക്കുന്നതിനായി സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കര്‍ഷകര്‍ക്ക് അനുമതി നല്‍കുമെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഊഴത്തിനായി കാത്തിരിക്കണമെന്നുമാണ് ഹരിയാന സര്‍ക്കാരിന്റെ നിലപാട്.
‘ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തങ്ങളുടെ വിളകള്‍ വില്‍ക്കാനായി ഹരിയാനയിലെത്തുന്ന കര്‍ഷകരെ തടയുന്ന ഒരു നിയമവും ഇല്ല. എന്നിരുന്നാലും ഞങ്ങള്‍ക്ക് ഒരു പോര്‍ട്ടലുണ്ട്. അതില്‍ കര്‍ഷകര്‍ അവരുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. അത് അവരില്‍ നിന്ന് ഉല്പ്പന്നങ്ങള്‍ വാങ്ങുന്നത് ഞങ്ങള്‍ക്ക് കുറേക്കൂടി എളുപ്പമാകും. പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കര്‍ഷകര്‍ക്കും എന്നാണ് ചന്തയില്‍ എത്തേണ്ടതെന്ന തീയതി മെസേജായി ലഭിക്കും.’ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ.ദാസ് പറഞ്ഞു.
ഇപ്പോള്‍ കര്‍ണാല്‍ അതിര്‍ത്തിയില്‍ തടയപ്പെട്ട കര്‍ഷകരെ ഞങ്ങള്‍ ഇക്കാര്യം ബോധ്യപ്പെടുത്തിയെന്നും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കര്‍ഷകരും കാര്‍ഷിക വിദഗ്ധരും ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. പ്രാദേശിക കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പറയുന്ന ഒഴിവുകഴിവുമാത്രമാണ് ഇതെന്നാണ് അവരുടെ അഭിപ്രായം. പുതിയ കാര്‍ഷിക നിയമത്തിന് എതിരാണ് ഇതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ കാതലായിരുന്നു താങ്ങുവില.

Related posts

Leave a Reply

Your email address will not be published. Required fields are marked *