Breaking News

നീതു വന്നില്ല; സൈബര്‍ പ്രചരണം പൊളിച്ച് അനില്‍ അക്കര

നീതുവിനെ കാത്തിരിക്കുന്ന അനില്‍ അക്കര എം.എല്‍.എ,
രമ്യ ഹരിദാസ് എം.പി, കൗണ്‍സിലര്‍ സൈറാ ബാനു തുടങ്ങിയവര്‍

തൃശൂര്‍: നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടിയെ കാത്തിരുന്ന അനില്‍ അക്കര എം.എല്‍.എയും കൂട്ടരും ഒടുവില്‍ നിരാശയോടെ മടങ്ങി. പുറമ്പോക്ക് സ്ഥലത്ത് കഴിയുന്ന നിര്‍ധനയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ നേരിട്ടുകണ്ട് വീടില്ലാത്ത ദുഃഖത്തിന് പരിഹാരമുണ്ടാക്കാന്‍ ഇന്ന് രാവിലെ 9 മണിമുതല്‍ 11 മണിവരെയാണ്‌ അനില്‍ അക്കര മങ്കര റോഡരികില്‍ കാത്തിരുന്നത്. രമ്യ ഹരിദാസ് എം.പിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറാ ബാനുവും അനിലിന്റെ കൂടെയുണ്ടായിരുന്നു.
തനിക്കും കുടുംബത്തിനും വീടില്ലായെന്നും വിവാദമായ വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രീയം കളിച്ച് തനിക്ക് കിടപ്പാടം ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കരുതെന്നും നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടി അനില്‍ അക്കരയ്ക്ക് എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറാ ബാനുവിന്റെ പേരും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു.
ഈ കത്ത് സി.പി.എം സൈബര്‍ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെയാണ് താന്‍ നീതുവിനെ നേരിട്ടു കാണാനും വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയാറാണെന്നും അറിയിച്ചത്. അങ്ങനെയായിരുന്നു മങ്കര റോഡിലെ കാത്തിരിപ്പ്. ഇതോടെ സി.പി.എം സൈബറിടങ്ങളില്‍ ഉടലെടുക്കുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന ക്യാപ്‌സൂള്‍ സൈബര്‍ തന്ത്രത്തിന്റെ മുനയൊടിക്കാന്‍ അനിര്‍ അക്കരയ്ക്ക് സാധിച്ചു.
നീതു ജോണ്‍സണ്‍ വടക്കാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. എന്നാല്‍ ആ പേരിലൊരു കുട്ടി ഈ സ്‌കൂളില്‍ പഠിക്കുന്നില്ലെന്ന് എംഎല്‍എ പറഞ്ഞു. ഈ കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെയാണു നീതു ജോണ്‍സന്റെ വിലാസത്തിലെ സ്ഥലമായ മങ്കരയില്‍ 2 മണിക്കൂര്‍ റോഡരികില്‍ കാത്തിരിക്കുമെന്നു അനില്‍ പ്രഖ്യാപിച്ചത്.
കുട്ടിയും അമ്മയും ഇനിയും ഏതു സമയത്തുവന്നാലും സഹായിക്കുമെന്നും വീടുവച്ചു കൊടുക്കുമെന്നും പറഞ്ഞാണു അനിലും രമ്യയും കാത്തിരിപ്പ് അവസാനിപ്പിച്ചത്. കുട്ടിയെ കണ്ടെത്താനായി അനില്‍ പൊലീസില്‍ പരാതി നല്‍കി. പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ പട്ടിക സംസ്ഥാന ലൈഫ് മിഷന്‍ ഇതുവരെ തയാറാക്കിയിട്ടില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ടെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും അനില്‍ അക്കര പ്രതികരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *