Breaking News

നാളെ മുതല്‍ സംസ്ഥാനത്ത് നിരോധനാജ്ഞ

തിരുവനന്തപുരം: കോവിഡ് വ്യാപനം തടുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3 മുതല്‍ ഒരു മാസത്തേക്കാണ് അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നതു വിലക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത്. സിആര്‍പിസി 144 പ്രകാരമാണ് ഉത്തരവ്.
എന്നാല്‍ വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും ഇളവ് ലഭിക്കും. വിവാഹ ചടങ്ങുകള്‍ക്ക് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. മറ്റിടങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണമാണ് ഉണ്ടാവുക.
പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടര്‍മാര്‍ക്ക് കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ഒക്ടോബര്‍ 3ന് രാവിലെ 9 മുതല്‍ 31 വരെ 5 പേരില്‍ കൂടുതല്‍ വരുന്ന എല്ലാ യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചെന്നാണ് ഉത്തരവില്‍ പറയുന്നത്.
സംസ്ഥാനത്ത് രോഗവ്യാപനം അതിതീവ്രമാണെന്നാണ് ഐ.എം.എയുടെ റിപ്പോര്‍ട്ട്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2 ലക്ഷമാണ്. കേരളത്തില്‍ കോവിഡിന്റെ മൂവിങ് ഗ്രോത്ത് റേറ്റ് ദേശീയ ശരാശിയേക്കാള്‍ വളരെ കൂടുതലാണ്. തിരുവനന്തപുരം ജില്ലയിലെ കോവിഡ് മരണനിരക്കില്‍ 140% വര്‍ധനവുണ്ടെന്നും ഐ.എം.എ പറയുന്നു. ഒരു മാസത്തിനിടെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 130% വര്‍ധനവാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷസ്ഥിതിയിലാണ്. ഇന്നലെ 8135 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 7,013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കടകളില്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

അറിയിപ്പ് ?#keralapolice #covid_19

Posted by Kerala Police on Thursday, October 1, 2020

Related posts

Leave a Reply

Your email address will not be published. Required fields are marked *