
ന്യൂഡല്‍ഹി: സി.ബി.ഐ അന്വേഷണം ഏറ്റെടുക്കണമെന്ന നിലപാടുമായി ഹത്രാസില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍. യു.പി പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും പോലീസ് വീടിന്റെ നിയന്ത്രണം ഏറ്റെടുത്തത് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും പുറത്തുപോകാനോ ബന്ധുകള്‍ക്ക് വീട്ടിലേയ്ക്കു വരാനോ അനുവാദമില്ല. കേസ് അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങളും ചെറുത്തുതോല്‍പ്പിക്കുമെന്നും സഹോദരന്‍ പറഞ്ഞു.
ഹത്രസ് ജില്ലാ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ അച്ഛനെ ഭയപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വിവാദത്തിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ സഹോദരന്‍തന്നെ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്. കേസ് അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കുമെതിരെ പോരാടും. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് മൃതദേഹം സംസ്‌ക്കരിച്ചത്. ബലാല്‍സംഗം നടന്നിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് സഹോദരന്‍ തള്ളി. ബലാല്‍സംഗം നടന്നതായി പെണ്‍കുട്ടിതന്നെ മൊഴി നല്‍കിയിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു.