
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ നിര്‍ദ്ദേശപ്രകാരം തനിക്ക് ഐ ഫോണ്‍ വാങ്ങി നല്‍കിയെന്ന യൂണിടാക് എം.ടിയുടെ ആരോപണം നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എനിക്ക് ആരും ഐ ഫോണ്‍ തന്നിട്ടുമില്ല, ഞാന്‍ ആരില്‍ നിന്നും ഐ ഫോണ്‍ സ്വീകരിച്ചിട്ടുമില്ലെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. സ്വപ്ന സുരേഷ് ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങി നല്‍കിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് അത് സമ്മാനമായി നല്‍കിയെന്നും യൂണിടാക് എംഡി ആരോപിച്ചിരുന്നു.
ഞാന്‍ ഇന്നുവരെ ഈ നാട്ടില്‍ ആരുടെ കൈയില്‍ നിന്നും ഐ ഫോണ്‍ വാങ്ങിച്ചിട്ടില്ല. ഞാന്‍ ദുബായില്‍ പോയ സമയത്ത് വിലകൊടുത്ത് വാങ്ങി എനിക്കും എന്റെ ഭാര്യയ്ക്കും വാങ്ങിച്ചിട്ടുണ്ട്. അല്ലാതെ എന്റെ കൈയില്‍ വേറെ ഐ ഫോണില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇതൊക്കെ വെറും ചീപ്പായ കാര്യമാണ്. അഭിഭാഷകനായ ആസിഫലിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഈ പറയുന്ന സന്തോഷ് ഈപ്പനെ ഞാന്‍ കണ്ടിട്ടുമില്ല. എനിക്ക് ഫോണ്‍ തന്നിട്ടുമില്ല. ഞാന്‍ ആകെ ചെയ്തത് ആ പരിപാടിക്ക് പോയതാണ്. യുഎഇ ദിനത്തില്‍ മുഖ്യമന്ത്രിയാണ് പങ്കെടുക്കാറ്. രണ്ട് വര്‍ഷം ഞാന്‍ പോയിട്ടില്ല. അവര്‍ നിര്‍ബന്ധിച്ചു രണ്ട് വര്‍ഷമായി വന്നിട്ടില്ല. ഇത്തവണ വരണമെന്ന് പറഞ്ഞു. അങ്ങനെയാണ് പോയത്. രാജഗോപാല്‍, വിജയകുമാര്‍ അടക്കം അവിടെയുണ്ടായിരുന്നു. വന്നവര്‍ക്കെല്ലാം അവര്‍ കൂപ്പണ്‍ കൊടുത്തിരുന്നു. അതില്‍ നറുക്കെടുപ്പില്‍ ആര്‍ക്കൊക്കെയാണ് സമ്മാനം കിട്ടിയത് എന്ന് പോലും അറിയില്ല. ഏതായാലും ഫോണ്‍ എന്നല്ലേ പറഞ്ഞുള്ളൂ. സ്വര്‍ണമെന്ന് പറഞ്ഞില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ട് തരാത്ത സമ്മാനം തന്നുവെന്ന് പറയുന്നത് മര്യാദയല്ലെന്നും ഈ ആരോപണം നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. എനിക്ക് വേണ്ടി ആരെങ്കിലും ഫോണ്‍ വാങ്ങി അടിച്ചുകൊണ്ടുപോയോ എന്ന് എനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.