Breaking News

നടി ആക്രമിക്കപ്പെട്ട കേസ്: ഗണേശ് കുമാറിന്റെ സെക്രട്ടറി മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി

പ്രതീകാത്മക ചിത്രം

ബേക്കല്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്ന് ബേക്കല്‍ പോലീസ്. ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രോസിക്യൂഷന്‍ സാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ലാലിനെയാണ് പ്രദീപ് കുമാര്‍ ഭീഷണിപ്പെടുത്തിയത്. വിപിന്‍ലാലിനെ കാണാന്‍ ബേക്കലിലെത്തിയ പ്രദീപ് കുമാര്‍ വിപിന്‍ലാലിന്റെ അമ്മാവന്റെ കാഞ്ഞങ്ങാട്ടുള്ള ജ്വല്ലറി ഷോപ്പില്‍ എത്തി. വിപിന്റെ വക്കീല്‍ ഗുമസ്തനെന്ന് പരിയപ്പെടുത്തിയ ശേഷം ജ്വല്ലറിയില്‍നിന്നും വീട്ടിലേക്ക് വിളിച്ച് മൊഴി മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, അതിന് വഴങ്ങാതെ വന്നപ്പോള്‍ സമ്മര്‍ദ്ദം കത്തുകളിലൂടെ തുടരുകയായിരുന്നു. ഒടുവില്‍ സെപ്തംബര്‍ 26ന് വിപിന്‍ ബേക്കല്‍ പോലീസിന് പരാതി നല്‍കി. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്.
പ്രദീപിന്റെ പങ്കാളിത്തം വ്യക്തമായതോടെ സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *