Breaking News

തദ്ദേശ തെരഞ്ഞെടുപ്പ്: പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര് ബി.ജെ.പിക്ക് തലവേദനയാകുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര് പാര്‍ട്ടിക്ക് തലവേദനയാകുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീകാര്യം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ഏറ്റവും ഒടുവില്‍ പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറിയിലെത്തിയത്.
ശ്രീകാര്യം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് എഴുപതോളം ബൂത്ത് കമ്മിറ്റി അംഗങ്ങള്‍ രാജിവച്ചു. രാജിക്കത്ത് പുറത്തുവന്നതിന് പിന്നാലെ ഇക്കാര്യത്തില്‍ ബി.ജെ.പി മണ്ഡലം നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി.
രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും രാജിവച്ചുവെന്ന് പറയുന്നവര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അല്ലെന്നുമാണ് മണ്ഡലം നേതൃത്വം പറയുന്നത്. നേരത്തെ ജില്ലാ കമ്മിറ്റം അംഗവും മഹിളാ മോര്‍ച്ച മണ്ഡലം സെക്രട്ടറിയുമൊക്കെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി പാര്‍ട്ടി വിട്ടിരുന്നു.
ആ സാഹചര്യത്തിലാണ് ഇപ്പോള്‍ ശ്രീകാര്യം വാര്‍ഡില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ കൂട്ട രാജിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. രാജീവിനെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അവഗണിച്ചതിനെതിരെ ചില പ്രവര്‍ത്തകര്‍ കഴക്കൂട്ടം മണ്ഡലം പ്രസിഡന്റിനെ നേരില്‍ കണ്ട് പരാതി അറിയിച്ചിരുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത്‌

തലസ്ഥാന ജില്ലയിലെ കോര്‍പറേഷന്‍ വാര്‍ഡിലെ നിലവിലെ പൊട്ടിത്തെറി ബി.ജെ.പി ജില്ലാ നേതൃത്വത്തിന് മാത്രമല്ല സംസ്ഥാന നേതൃത്വത്തിന് വരെ ഞെട്ടല്‍ ഉളവാക്കുന്നതാണ്. കാരണം തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചെടുക്കാനുള്ള പോരാട്ടം ബി.ജെ.പിയുടെ അഭിമാന പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ്.
കഴിഞ്ഞ തവണ ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി നടത്തിയത്. ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാന്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് കൂട്ടുകെട്ട് സൃഷ്ടിപ്പെട്ട കോര്‍പറേഷനാണ് തിരുവനന്തപുരം കോര്‍പറേഷന്‍.

ഇപ്പോള്‍ പാര്‍ട്ടിക്കകത്ത് പുകയുന്ന അതൃപ്തി ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനടക്കം പരാതി നല്‍കുമെന്ന് കഴക്കൂട്ടം മണ്ഡലം ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തിരുവനന്തപുരം കോര്‍പറേഷനിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംസ്ഥാന നേതൃത്വത്തിനും തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *