
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വെള്ളിയാഴ്ച വരെ വിചാരണ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കേടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അവരുടെയും സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമാണ് വിചാരണ തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവിട്ടത്.
വിചാരണക്കോടതിക്കെതിരെ സംസ്ഥാന സര്‍ക്കാരും ഗുരുതരമായ ആരോപണങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് അനുകൂലമായി വിചാരണക്കോടതി പ്രവര്‍ക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചത്.
നടിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന രീതിയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വിചാരണക്കോടതി അനുവദിച്ചുവെന്നും ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിലൂടെ രഹസ്യ വിചാരണയെന്ന നിയമപരമായ ആനുകൂല്യം നടിക്ക് ഇല്ലാതാക്കിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
പ്രതിയായ ദിലീപിന്റെ ആവശ്യപ്രകാരം ചണ്ഡിഗഡിലെ സിഎഫ്എസ്എല്‍ ലാബില്‍നിന്ന് വിചാരണക്കോടതി നേരിട്ടു വിളിച്ച് ശേഖരിച്ച വിവരങ്ങള്‍ എന്താണെന്ന് കോടതി പ്രോസിക്യൂഷനെ അറിയിച്ചില്ല. പ്രോസിക്യൂഷന് വിചാരണക്കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥയാണെന്നും സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തി.
പ്രോസിക്യൂഷനു വിചാരണക്കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ താന്‍ വിചാരണക്കോടതിയെ എങ്ങനെ വിശ്വസിക്കും എന്ന ചോദ്യമാണ് ആക്രമണത്തിന് ഇരയായ നടിയുടെ ബാഗത്തുനിന്നും ഉണ്ടായത്. കോടതിയുടെ ഭാഗത്തുനിന്ന് പലപ്പോഴും ആക്രമണത്തിന് ഇരയായ പരിഗണന ഉണ്ടായില്ലെന്നും നടി കോടതിയെ അറിയിച്ചു.
ജഡ്ജിക്ക് ഇനിയും കേസിന്റെ വിചാരണയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷനും ഹൈക്കോടതിയില്‍ അറിയിച്ചു. കേസിന്റെ വിചാരണ എത്രയും പെട്ടെന്ന് തീര്‍ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിനനുസരിച്ച് വിചാരണ നടപടികള്‍ പുരോഗമിച്ചുവരവെയാണ് പ്രോസിക്യൂഷനും നടിയും വിചാരണക്കോടതിക്കെതിരെ രംഗത്തെത്തിയത്.