
റിയാദ്: കാശ്മീരിനെയും ലഡാക്കിനെയും പ്രത്യേക രാജ്യമാക്കി ചിത്രീകരിച്ച് പുറത്തിറക്കിയ കറന്‍സി സൗദി ഭരണകൂടം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. 20 റിയാലിന്റെ പുതുതായി ഇറക്കിയ കറന്‍സിയിലാണ് ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളെ തെറ്റായി ചിത്രീകരിച്ചത്. കറന്‍സിയിലെ തെറ്റ് തിരുത്തണമെന്ന് ഇന്ത്യ റിയാദ് അംബാസിഡറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
ഇതിനെത്തുടര്‍ന്നാണ് കറന്‍സി പിന്‍വലിച്ചതായും പ്രിന്റിംഗ് നിര്‍ത്തിവച്ചതായുമുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ഇന്ന് മുതല്‍ ജി 20 ഉച്ചകോടി സൗദിയുടെ തലസ്ഥാനമായ റിയാദില്‍ ആരംഭിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെ ഉച്ചകോടിയില്‍ പങ്കെടുക്കും.
പുതുതായി പുറത്തിറക്കിയ 20 റിയാല്‍ കറന്‍സിയുടെ ഒരു വശത്ത് സല്‍മാന്‍ രാജാവിന്റെ ചിത്രവും ജി 20 ഉച്ചകോടിയുടെ ലോഗായുമാണ്. മറുവശത്ത് ലോക ഭൂപടവുമാണ്. ഇതില്‍ സംഭവിച്ച തെറ്റാണ് സൗദി കറന്‍സി പിന്‍വലിച്ചതിലൂടെ തിരുത്താന്‍ തയാറായത്. പാക് അധിനിവേശ കാശ്മീര്‍ പാകിസ്ഥാന്റേതാണെന്ന മുന്‍ നിലപാടും സൗദി തിരുത്തിയിരുന്നു.
ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് സൗദി ഭരണാധികാരിയായ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷ പ്രസംഗത്തോടെയാണ് ജി 20 ഉച്ചകോടിക്ക് തുടക്കം കുറിക്കുക. കോവിഡ് വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിശകലനങ്ങളും ഭാവി നിര്‍മ്മിതികളുടെ സാധ്യതകളും ആയിരിക്കും ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാ വിഷയം.
കോവിഡിനെതിരായ തയാറെടുപ്പും പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ ചര്‍ച്ചയും നടക്കും. കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കും. ഉച്ചകോടിക്ക് മുന്നോടിയായുള്ള ധനകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സാമ്പത്തിക സഹായം ചര്‍ച്ചാ വിഷയമായിരുന്നു.