Breaking News

ദീപികയും കുടുങ്ങി: കുടുക്കിയതെന്നും ആരോപണം

മുംബൈ: ബോളിവുഡ് നായിക ദീപിക പദുകോണിനും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ സമന്‍സ്. ലഹരിമരുന്നു കേസില്‍ നാളെ ചോദ്യംചെയ്യലിനു ഹാജരാകാനാണ് ദീപികയോട് എന്‍.സി.ബി ആവശ്യപ്പെട്ടിരിക്കുന്നത്. ദീപിക ഇപ്പോള്‍ ഗോവയില്‍ സിനിമാ ചിത്രീകരണത്തിലാണു. ദീപികയെ കൂടാതെ നടിമാരായ രാകുല്‍ പ്രീത് സിങ്, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, ഫാഷന്‍ ഡിസൈനര്‍ സിമോന്‍ ഖംബാട്ട എന്നിവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടു. ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരോട് 26 ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനു കഴിഞ്ഞ ദിവസം എന്‍സിബി സമന്‍സ് അയച്ചെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി അവര്‍ 2 ദിവസത്തെ സമയം നീട്ടിച്ചോദിച്ചു. സുശാന്ത് സിങ്ങിന്റെ ടാലന്റ് മാനേജരായ ജയ സഹയെ മൂന്നാം ദിവസവും എന്‍സിബി ചോദ്യം ചെയ്തു. ബാഡ്മിന്റന്‍ താരം പ്രകാശ് പദുകോണിന്റെ മകളും നടന്‍ രണ്‍വീര്‍ സിങ്ങിന്റെ ഭാര്യയുമാണ് ദീപിക. ജനുവരിയില്‍ ജെഎന്‍യുവില്‍ ഉണ്ടായ മുഖംമൂടി ആക്രമണത്തിനു പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക എത്തിയിരുന്നു.
എന്നാല്‍, കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്ന സിനിമാപ്രവര്‍ത്തകരെ കേസില്‍ കുടുക്കുകയാണെന്നും കര്‍ഷക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന ദിവസം ദീപികയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചതു ശ്രദ്ധതിരിക്കാനാണെന്നും ആരോപണമുയരുന്നുണ്ട്.
2017 ഒക്ടോബര്‍ 28ന് മാനേജര്‍ കരിഷ്മ പ്രകാശുമായി നടത്തിയ വാട്‌സാപ് ചാറ്റിന്റെ പേരിലാണു ദീപികയ്‌ക്കെതിരെ കേസ്. സുശാന്ത് സിങ്ങിന്റെ മരണത്തിനു ശേഷം ലഹരിക്കേസില്‍ കാമുകി റിയ ചക്രവര്‍ത്തി അറസ്റ്റിലായതിനു പിന്നാലെയാണ് ബോളിവുഡിലേക്ക് അന്വേഷണം നീണ്ടത്. സുശാന്തിന്റെ മാനേജര്‍മാരായ ശ്രുതി മോദി, ജയ സഹ എന്നിവരുമായുള്ള റിയയുടെ ചാറ്റുകളില്‍ ദീപികയുടെ പേരുണ്ടെന്നു പറയുന്നു.
നടന്‍ സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ സാറ, തെലുങ്ക്, തമിഴ് സിനിമയിലൂടെ ബോളിവുഡിലെത്തിയ രാകുല്‍, സമൂഹമാധ്യമങ്ങളില്‍ സജീവമായ സിമോന്‍ എന്നിവരുടെ പേരുകള്‍ റിയ വെളിപ്പെടുത്തിയതാണെന്ന് എന്‍സിബി അറിയിച്ചിരുന്നു. നിര്‍മാതാവ് മധു മന്ദേനയില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *