
ബമാക്കോ: തീവ്രവാദത്തിനെതിരെ കടുത്ത നടപടിയുമായി ഫ്രാന്‍സ്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മാലിയില്‍ ഫ്രാന്‍സ് നടത്തിയ വ്യോമാക്രമണത്തില്‍ 50 അല്‍ ഖായിദ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ച് ആക്രമണം നടത്തിയെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കി.
ഫ്രഞ്ച് സൈന്യം നേതൃത്വം നല്കുന്ന ബാര്‍ഖാനെ ഫോഴ്സാണ് ആക്രമണം നടത്തിയത്. നാല് ഭീകരരെ പിടികൂടിയിട്ടുണ്ട്. ഭീകരരില്‍നിന്ന് വന്‍ ആയുധശേഖരം പിടിച്ചെടുത്തു. അതിര്‍ത്തിയില്‍ ഭീകരര്‍ ആക്രമണത്തിന് തയാറെടുക്കുന്നുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നും ഭീകരപ്രവര്‍ത്തനം കര്‍ശനമായി അടിച്ചമര്‍ത്തുമെന്നും ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാര്‍ലെ വ്യക്തമാക്കി.
രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് മിസൈല്‍ ആക്രമണത്തില്‍ പങ്കെടുത്തത്. അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുല്‍ ഇസ്ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഫ്രാന്‍സില്‍ ലോകത്തെ ഞെട്ടിക്കുന്ന തരത്തിലാണ് ഭീകരവാദികള്‍ അഴിഞ്ഞാടിയത്. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുംവിധം രണ്ട് പേരെ ഭീകരര്‍ കഴുത്തറുത്തു കൊന്നിരുന്നു. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.