
വര്‍ക്കല: അഴിമതി രഹിത സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് കാലത്തെ കരുതലിനും കാവലിനും ആദരവ്. സംസ്ഥാനമൊട്ടാകെ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ നാടിനും ജനങ്ങള്‍ക്കും വേണ്ടി ആഹോരാത്രം പ്രയത്‌നിച്ച പോലീസ്-ആരോഗ്യ-റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്.

വര്‍ക്കല പ്രസ് ക്ലബ്ബില്‍ ഇന്ന് രാവിലെ 11 മണിക്ക് നടന്ന ചടങ്ങ് വര്‍ക്കല എം.എല്‍.എ അഡ്വ.വി.ജോയ് ഉദ്ഘാടനം ചെയ്തു. അഴിമതി രഹിത സംരക്ഷണ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് വിളബ്ഭാഗം എസ്.സുശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ.ഭുവനേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ചെങ്ങന്നൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ ആര്‍.എസ്.രാജേഷ് മുഖ്യപ്രഭാഷണം നടത്തി.

മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇന്ന് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും കൂടുതല്‍ ജനകീയമായിട്ടുണ്ടെന്നും അവര്‍ ജനങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അഡ്വ.വി.ജോയ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പോലീസ്-റവന്യ-ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ജനങ്ങളുമായി നിരന്തരം അടുത്തിടപഴകുന്നവരാണ്. കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഊണും ഉറക്കവുമില്ലാതെയാണ് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെയൊക്കെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് കേരളത്തിലെ കോവിഡ് വ്യാപന നിരക്കും മരണനിരക്കുമൊക്കെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചത്. അതുകൊണ്ടുതന്നെ ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ ആദരിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ സേവനങ്ങളും പ്രശംസിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് വൈറസിനെതിരെ അക്ഷരാര്‍ത്ഥത്തില്‍ യുദ്ധം തന്നെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തിവരുന്നതെന്ന് അഴിമതി രഹിത സംരക്ഷണ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് വിളബ്ഭാഗം എസ്.സുശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കോവിഡ് വൈറസ് ഉയര്‍ത്തി ആരോഗ്യപരവും സാമൂഹികപരവുമായ നിരവധി പ്രതിസന്ധികളോട് മല്ലിട്ടാണ് ആരോഗ്യ-പോലീസ്-റവന്യു വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നാടിന് രക്ഷാകവചം ഒരുക്കിയതെന്നും അദ്ദേഹം പ്രശംസിച്ചു.

വര്‍ക്കല തഹസില്‍ദാര്‍ വിനോദ് രാജ്.റ്റി, സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഷിബു.എസ്, അഞ്ചുതെങ്ങ് പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ ചന്ദ്രദാസ്.എസ്, ചിറയിന്‍കീഴ് താലൂക്ക് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ.എംരാമകൃഷ്ണബാബു, അഞ്ചുതെങ്ങ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബിജുകുമാര്‍.ആര്‍ എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്.
