
ഇസ്ലാമാബാദ്: പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയ വിവാദ പ്രസ്താവന തിരിച്ചടി ഭയന്ന് തിരുത്തി പാക്ക് മന്ത്രി ഫവദ് ചൗധരി. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു.
‘നമ്മള്‍ ഇന്ത്യയെ അവരുടെ മണ്ണില്‍ ആക്രമിച്ചു. പുല്‍വാമയിലെ നമ്മുടെ വിജയം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാന്റെ വിജയമാണ്. ആ വിജയത്തില്‍ നാമെല്ലാം പങ്കാളികളാണ്’-ഇങ്ങനെയിരുന്നു പാര്‍ലമെന്റിലെ ചര്‍ച്ചയ്ക്കിടെ ചൗധരിയുടെ പ്രസ്താവന.
എന്നാല്‍, അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഈ പ്രസ്താവന തിരിച്ചടിയാവുമെന്ന് മനസ്സിലാക്കിയതോടെയാണ് ചൗധരി പ്രസ്താവന തിരുത്താന്‍ തയാറായത്. ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പാകിസ്ഥാന്‍ ആണെന്നാണ് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ നിലപാട്. പാകിസ്ഥാന്‍ ഇന്ത്യയുടെ നിലപാടിനെ തള്ളി പറയുമ്പോഴും ഇന്ത്യയുടെ നിലപാടിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ലഭിക്കുന്നുണ്ട്.
പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദി പാകിസ്ഥാന്‍ ആണെന്ന അവകാശവാദം അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ ചര്‍ച്ചയാക്കുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെ സംഭവിച്ചാല്‍ അത് ഇന്ത്യ പാകിസ്ഥാനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പാകിസ്ഥാന്‍ തന്നെ ശരിവയ്ക്കുന്ന തരത്തിലാകും.
അതുകൊണ്ടാണ് തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന പ്രസ്താവനയുമായി ചൗധരി രംഗത്തുവന്നത്. പാക്കിസ്ഥാനിലെ ബാലക്കോട്ടിലേക്ക് ഇന്ത്യ കടന്നു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ നടപ്പാക്കിയ ഓപറേഷന്‍ സ്വിഫ്റ്റ് റിസോര്‍ട്ടിനെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നാണ് ചൗധരി ഇപ്പോള്‍ പറയുന്നത്.