
തിരുവനന്തപുരം: കോവിഡ് മുക്തരായവര്‍ക്ക് ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചികിത്സിക്കാനായി സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങും. പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡി.കോളേജ് വരെ പോസ്റ്റ് കോവിഡ് ക്ലിനിക് തുടങ്ങാനുള്ള രാപരേഖ തയാറാക്കിയിട്ടുണ്ട്.
കോവിഡ് മുക്തരായവരില്‍ പലര്‍ക്കും തളര്‍ച്ച, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, വിഷാദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇങ്ങനെയുള്ള കോവിഡ് മുക്തരുടെ എണ്ണം കൂടി വരുന്നതായും റിപ്പോട്ടുകള്‍ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്ര് കോവിഡ് ക്ലിനിക്ക് തുടങ്ങുന്നത്.
കോവിഡില്‍നിന്ന് മുക്തി നേടിയവര്‍ എല്ലാ മാസവും പോസ്റ്റ് കോവിഡ് ക്ലിനിക്കില്‍ എത്തി പരിശോധന നടത്തണം. ആരോഗ്യപ്രശ്‌നങ്ങളുടെ തീവ്രത അനുസരിച്ചാണ് ചികിത്സാകേന്ദ്രം നിശ്ചയിക്കുക. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉളളവര്‍ക്ക് താലൂക്ക് ആശുപത്രികള്‍, ജില്ലാ ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് റഫര്‍ ചെയ്യും.
വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘത്തെ ഇവിടെ നിയോഗിക്കും. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉളളവര്‍ക്ക് കോവിഡ് ആശുപത്രികളില്‍ ചികിത്സ നല്‍കും. ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ചും രോഗമുക്തര്‍ക്ക് ചികിത്സ തേടാം. സാംക്രമിക രോഗങ്ങളുടെ ചുമതലയുളള ഡെപ്യൂട്ടി ഡിഎംഒമാരാണ് ജില്ലാതലങ്ങളില്‍ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാര്‍.