
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ 8, 10, 14 തീയതികളില്‍ 3 ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന് പറഞ്ഞു. നവംബര്‍ 12-ന് വിജ്ഞാപനം പുറപ്പെടുവിക്കും.
ഡിസംബര്‍ 8 (ചൊവ്വ) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഒന്നാംഘട്ട വോട്ടെടുപ്പും, ഡിസംബര്‍ 10(വ്യാഴം) കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പും, ഡിസംബര്‍ 14 (തിങ്കള്‍) മലപ്പുറം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പും നടക്കും.
ഡിസംബര്‍ 16 നാണ് വോട്ടെണ്ണല്‍. കോവിഡ് പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പറഞ്ഞു. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ. രാവിലെ 8 മണിക്കു വോട്ടെണ്ണല്‍ ആരംഭിക്കും.
സംസ്ഥാനത്തുള്ള 1200 തദ്ദേശ സ്ഥാപനങ്ങളില്‍ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയൊഴികെ 1199 സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ആകെ 21,865 വാര്‍ഡുകളിലേക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ്.
ഡിസംബര്‍ 31നു മുന്‍പ് ഭരണസമിതികള്‍ അധികാരത്തിലേറുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2,71,20,823 വോട്ടര്‍മാര്‍ക്കായി 34774 പോളിങ് സ്റ്റേഷന് സജ്ജമാക്കി. അഡീ. വോട്ടര്‍ പട്ടിക ഈ മാസം 10ന് പ്രസിദ്ധീകരിക്കും.
പോളിങിനു 3 ദിവസം മുന്‍പ് അപേക്ഷിച്ചാല്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും, കോവിഡ് ബാധിച്ചവര്‍ക്കും പോസ്റ്റല്‍ വോട്ടിനു സൗകര്യമുണ്ടായിരിക്കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാവുക. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും തിരഞ്ഞെടുപ്പ് നടക്കുക. പോളിങ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കും.