Breaking News

ആ വെള്ളമങ്ങ് വാങ്ങി വച്ചാല്‍ മതി; വി.മുരളീധരനെ പിന്തുണച്ച് കെ.സുരേന്ദ്രന്‍

കോഴിക്കോട്: മുരളീധരന്റെ പേര് പറഞ്ഞ് സ്വര്‍ണക്കടത്ത് ആരോപണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഉദ്ദേശമെങ്കില്‍ ആ വെള്ളമങ്ങ് വാങ്ങി വച്ചാല്‍ മതിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി.മുരളീധരന്‍ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ല. മന്ത്രിതല സമ്മേളനത്തില്‍ മലയാള മാധ്യമ പ്രതിനിധികളടക്കം പങ്കെടുത്തിട്ടുണ്ട്. അവരിലൊരാളായി പരിപാടി റിപ്പോര്‍ട്ട് ചെയ്യാനാണ് സ്മിതാ മേനോനും പോയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സ്മിതാ മേനോനെ മഹിളാ മോര്‍ച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് വി.മുരളീധരന്റെ ശുപാര്‍ശയിലല്ല, തന്റെ ശുപര്‍ശ പ്രകാരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ കൂടുതല്‍ പ്രഫഷണലുകളെ ഉള്‍പ്പെടുത്തണമെന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് മഹിളാ മോര്‍ച്ചയുടെ പ്രധാന സ്ഥാനം നല്‍കിയത്.
വി.മുരളീധരനെ അപകീര്‍ത്തിപ്പെടുത്തി, വേട്ടയാടി സ്വര്‍ണക്കള്ളക്കടത്തു കേസില്‍നിന്ന് തലയൂരാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ നടക്കാത്ത കാര്യമാണ്. പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും നടത്തിയ കോടികളുടെ തട്ടിപ്പിനെതിരെ കൂടുതല്‍ ശക്തമായ സമരത്തിന് ബി.ജെ.പി വരുംദിവസങ്ങളില്‍ നേതൃത്വം കൊടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വി.മുരളീധരനെതിരേ നടക്കുന്നത് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ്. വിഷലിപ്തപരമായ നീചമായ വ്യക്തിഹത്യയാണ് നടക്കുന്നത്. സി.പി.എം ഉന്നത നേതാക്കളും സൈബര്‍ സംഘങ്ങളുമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫിനെ പോലെ സര്‍ക്കാര്‍ പറയുമ്പോള്‍ ഇടക്കിടയ്ക്ക് സമരം നിര്‍ത്തുന്ന പാര്‍ട്ടിയല്ല ബി.ജെ.പി.
സമരം നിര്‍ത്തണമെന്നാവശ്യപ്പെടാന്‍ മുഖ്യമന്ത്രി എന്നേയും വിളിച്ചിരുന്നു. അഞ്ചുപേര്‍ എന്നത് തങ്ങള്‍ക്ക് ബാധകല്ലെന്നും സര്‍ക്കാര്‍ പരിപാടിക്ക് എന്തുമാവാമെന്നുമുള്ള നടപടി സര്‍ക്കാര്‍ തിരുത്തിയില്ലെങ്കതില്‍ അഞ്ചുപേര്‍ എന്നത് ഞങ്ങളും മാറ്റും-സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര പദ്ധതികളെ സ്വന്തം പേരിലാക്കി ജനങ്ങളുടെ മുന്നില്‍ ആളാവാനാണ് സര്‍ക്കാര്‍ നീക്കം. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണെന്ന് പറഞ്ഞ് പത്രങ്ങളിലെല്ലാം പരസ്യം കൊടുത്ത ജലജീവന്‍ പദ്ധതി കേന്ദ്രത്തില്‍ നിന്ന് പണം വാങ്ങി നടപ്പിലാക്കുന്നതാണ്.
ഇത് മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയില്‍ പെട്ടതാണ്. എന്നിട്ട് കേന്ദ്രത്തെ ഒഴിവാക്കി സര്‍ക്കാര്‍ പടം വെച്ച് പരസ്യം നടത്തുന്ന ഫെഡറല്‍ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും സുരേന്ദന്‍ ചൂണ്ടിക്കാട്ടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *