
വര്‍ക്കല: എല്‍.ഡി.എഫ് നേതൃത്വം നല്‍കിയ നഗരസഭ ഭരണസമിതിയെയും മുസ്‌ലിം ലീഗിനെയും നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്ത്. എല്‍.ഡി.എഫ് ഭരണസമിതിയുടേത് അഴിമതി ഭരണമായിരുന്നുവെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വം മുന്നണി മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുവെന്നും കുറ്റപ്പെടുത്തി. വര്‍ക്കല പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം.
മികവുറ്റ 33 സ്ഥാനാര്‍ത്ഥികളെയാണ് യു.ഡി.എഫ് മത്സരിപ്പിക്കുന്നതെന്നും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ നഗരസഭയുടെ ഭരണം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നും യു.ഡി.എഫ് വര്‍ക്കല നിയോജക മണ്ഡലം ചെയര്‍മാന്‍ ധനപാലന്‍ പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷത്തെ അഴിമതി ഭരണത്തിനെതിരായ ജനവികാരം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും. കുരയ്ക്കണ്ണി നന്ദാവനത്തെ 3 ഏക്കര്‍ ദേവസ്വം ബോര്‍ഡ് ഭൂമിയിലൂടെ ലൈഫ് മിഷന്‍ പദ്ധതി വിവാദത്തില്‍ വര്‍ക്കല പെടാതിരുന്നത് നാട്ടുകാരുടെ പിന്തുണയോടെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ്. ടൂറിസത്തിന്റെ പേരില്‍ വര്‍ക്കലയില്‍ നടക്കുന്നത് പ്രകൃതിയെ ചൂഷണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും അഴിമതിയുമാണ്-അദ്ദേഹം ആരോപിച്ചു.
കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം പി.എം.ബഷീര്‍ ലീഗിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചു. സംസ്ഥാനമൊട്ടാകെ യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ വര്‍ക്കലയില്‍ മാത്രം മുസ്‌ലിം ലീഗ് യു.ഡി.എഫിനെതിരെ മത്സരിക്കുന്നു. മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രാദേശിക നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്തത് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ അനാവശ്യമായ കടുംപിടിത്തം കാരണമാണ്. വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ ഒരു ജനറല്‍ സീറ്റും ഒരു വനിതാസീറ്റും നല്‍കാമെന്ന് പറഞ്ഞിട്ടും പിടിവാശി വെടിയാന്‍ ലീഗ് പ്രാദേശിക നേതൃത്വം തയാറായില്ല-അദ്ദേഹം വ്യക്തമാക്കി. വര്‍ക്കലയില്‍ ലീഗ് എന്നത് ഒരു സംസ്ഥാന നേതാവും അദ്ദേഹത്തിന്റെ മകനും അമ്മാവനും ചേര്‍ന്നതാണെന്നും അദ്ദേഹം പരിഹസിച്ചു. ഇവര്‍ ലീഗ് സംസ്ഥാന നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോയെന്ന് സംശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ചെറുപ്പക്കാര്‍ക്ക് പ്രാമുഖ്യം നല്‍കാനും കോണ്‍ഗ്രസ് നേതൃത്വം തയാറായെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ബി.ഷാലി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തില്‍ വെന്നികോട് ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് ഷാലിബ്, വെട്ടൂര്‍ ഡിവിഷനില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുറുമി, പാളയംകുന്ന് ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ജിഷ്ണു, ഇലകമണ്‍ ഡിവിഷനില്‍ ന്യൂനപക്ഷ കോണ്‍ഗ്രസ് ജില്ലാ ചെയര്‍മാന്‍ കളത്തറ ഷംസുദ്ദീന്‍, കാപ്പില്‍ ഡിവിഷനില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അബൂസ ബീവി, ഇടവയില്‍ പഞ്ചായത്ത് മെമ്പറായിരുന്ന അനിത എന്നിവരാണ് മത്സരിക്കുന്നത്. ഇവരില്‍ പകുതി പേരും ചെറുപ്പക്കാരാണെന്നത് ചെറുപ്പക്കാരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിശ്വാസമര്‍പ്പിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.