Breaking News

ജോർജുകുട്ടിയെ ‘എസ്.ഐ ആന്‍റണി’ കുടുക്കുമോ? ദൃശ്യം രണ്ടാം ഭാഗത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ

ദൃശ്യം 2-വിന്റെ ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ തന്നെ ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകളും ട്രോളുകളും സജീവമാണ്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് പ്രധാന റോളുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. രാജാക്കാട് ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ ചാര്‍ജ് എടുക്കാന്‍ ആന്റണി എന്ന പൊലീസുദ്യോഗസ്ഥന്‍ ബസില്‍ വരുന്നിടത്താണ് ദൃശ്യം സിനിമ തുടങ്ങുന്നത്. സിനിമയിലെ ആദ്യസംഭാഷണവും ഈ കഥാപാത്രത്തെ അവതരിപ്പിച്ച നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റേതായിരുന്നു. ദൃശ്യം സെക്കന്‍ഡ് ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആന്റണി പെരുമ്പാവൂരിന്റെ കഥാപാത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. സിവില്‍ പൊലീസ് ഓഫീസറായി ജോയിന്‍ ചെയ്ത ആന്റണി എസ്.ഐയുടെ റോളിലാണ് രണ്ടാം ഭാഗത്തില്‍. ദൃശ്യം സിനിമയുടെ ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *