Breaking News

ജോസ്.കെ.മാണിയുടെ വരവും ഇടതുമുന്നണിയിലെ കലഹവും

ജയകൃഷ്ണാ ലക്ഷ്മി

ജോസ്.കെ.മാണി


കനകംമൂലം കാമിനിമൂലം
കലഹം പലവിധമുലകില്‍ സുലഭം
പക്ഷേ, ഇടതുമുന്നണിയില്‍ ഇപ്പോള്‍ ഉയരുന്ന കലഹത്തിന് കാരണം കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗമാണ്(നാളെ ഒരുപക്ഷേ അത് കനകംമൂലം ആയിക്കൂടെന്നില്ല). കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗത്തിന്റെ എല്‍.ഡി.എഫിലേക്കുള്ള കടന്നുവരവ് വരുംദിവസങ്ങളില്‍ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യേണ്ടിവരുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി പക്ഷം വലിയ പ്രതിസന്ധി നേരിടുകയാണ്. ആ പ്രതിസന്ധിക്കുള്ള പരിഹാരമാണ് ജോസ്.കെ.മാണി ഇടതുമുന്നണിയില്‍ ചേര്‍ന്നതിലൂടെ നേടിയെടുത്തത്. ജോസ്.കെ.മാണിക്കും പാര്‍ട്ടിക്കും ഇടതുമുന്നണിയുടെയോ ഐക്യജനാധിപത്യമുന്നണിയുടെയോ തണല്‍ അത്യാവശ്യമായിരുന്നു. കെ.എം.മാണിയുടെ മരണം ജോസ്.കെ.മാണിക്കും പാര്‍ട്ടിക്കും രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കിയെന്ന കാര്യത്തില്‍ സംശയമില്ല.
പാലായിലെ ജനങ്ങള്‍ കെ.എം.മാണിക്ക് നല്‍കിയ പിന്തുണ മകനായ ജോസ്.കെ.മാണിക്ക് നല്‍കിയില്ലെന്നത് പാലാ ഉപതെരഞ്ഞെടുപ്പില്‍ കണ്ടതാണ്. യു.ഡി.എഫ് പിന്തുണയുണ്ടായിട്ടും സ്വന്തം സ്ഥാനാര്‍ത്ഥി പാലാ നിയോജക മണ്ഡലത്തില്‍ പരാജയപ്പെട്ട സാഹചര്യം കൂടി പരിഗണിച്ചാണ് അടുത്തുവരുന്ന തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞടുപ്പും ഒറ്റയ്ക്ക് നേരിട്ട് ജയിക്കാനുള്ള ത്രാണി തങ്ങള്‍ക്കില്ലായെന്ന തിരിച്ചറിവിലേക്ക് ജോസ്.കെ.മാണി എത്തിയത്.
ഇപ്പോഴത്തെ അവസ്ഥയില്‍ ഇടതുമുന്നണിയുടെ ഭാഗമാകുന്നതാണ് അഭികാമ്യമെന്ന് ജോസ്.കെ.മാണിയും കൂട്ടരും കരുതുന്നു. അഭിമാനപ്രശ്‌നം മാത്രമല്ല, തിരിച്ച് യു.ഡി.എഫിലേക്ക് ചെന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ ജോസഫ് പക്ഷം കാലുവാരുമോയെന്ന പേടിയും ജോസ്.കെ.മാണിയുടെ ഇപ്പോഴത്തെ എല്‍.ഡി.എഫ് പ്രേമത്തിന് പിന്നിലുണ്ട്. കള്ളനെന്നു വിളിച്ച് ആക്ഷേപിച്ച ഇടതുമുന്നണിയെക്കൊണ്ടുതന്നെ കെ.എം.മാണിക്ക് ജയ് വിളിപ്പിക്കുകയെന്ന മധുരപ്രതികാരത്തിനുള്ള വകയുമുണ്ട്.
എന്നാല്‍, ജോസ്.കെ.മാണിയുടെ കടന്നുവരവ് എല്‍.ഡി.എഫില്‍ പൊട്ടിത്തെറിക്ക് കാരണമാകും എന്നാണ് എല്‍.ഡി.എഫിനുള്ളിലെ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെയും നിലവില്‍ എല്‍.ഡി.എഫിലെ ഘടകകക്ഷിയായ എന്‍.സി.പിയുടെയും അഭിമാനപ്രശ്‌നമായ പാലാ നിയമസഭാ സീറ്റാണ് വില്ലന്‍.
പാലായുടെ ജീവാത്മാവും പരമാത്മാവുമായിരുന്ന കെ.എം.മാണി 13 തവണ മത്സരിച്ച് ജയിച്ച പാലാ സീറ്റ് വിട്ടുകൊടുക്കുകയെന്നത് ജോസ്.കെ.മാണിക്കും പാര്‍ട്ടിക്കും ചിന്തിക്കാന്‍പോലുമാവില്ല. പാലാ സീറ്റ് എന്‍.സി.പിക്ക് അടിയറവയ്ക്കുന്നത് വ്യക്തിപരമായും രാഷ്ട്രീയമായും തിരിച്ചടിയുണ്ടാക്കുമെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അത് മുതലെടുക്കുമെന്നും മറ്റാരെക്കാളും ജോസ്.കെ.മാണിക്കറിയാം.
അതുകൊണ്ടുതന്നെ പാലാ സീറ്റിനുവേണ്ടി എല്‍.ഡി.എഫില്‍ കടുത്ത സമ്മര്‍ദ്ദമാവും ജോസ്.കെ.മാണിയും പാര്‍ട്ടിയും ചെലുത്തുക. പാലാ എന്നത് തന്നെയും പാര്‍ട്ടിയെയും സംബന്ധിച്ച് വെറുമൊരു സ്ഥലമല്ല, ഒരു വികാരമാണെന്ന് പറഞ്ഞ് അതിന്റെ സൂചന ജോസ്.കെ.മാണി നല്‍കിയിട്ടുമുണ്ട്.

മാണി.സി.കാപ്പന്‍

അതേസമയം, പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലായെന്ന് എല്‍.ഡി.എഫിലെ ഘടക കക്ഷിയായ എന്‍.സി.പിയും പാര്‍ട്ടി എം.എല്‍.എ മാണി.സി.കാപ്പനും നിലപാട് സ്വീകരിച്ചിട്ടുണ്ട്. പാലാ നിയോജക മണ്ഡലം തന്റെ ചങ്കാണെന്ന് പറഞ്ഞതിലൂടെ പാലാ സീറ്റിന് വേണ്ടി ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍ അതങ്ങ് വച്ചേക്കൂ എന്നാണ് മാണി.സി.കാപ്പന്‍ വ്യക്തമാക്കുന്നത്.
മാത്രമല്ല, പാലാ സീറ്റിനുവേണ്ടി ജോസ്.കെ.മാണി ഉയര്‍ത്തുന്ന അവകാശവാദങ്ങളില്‍ തനിക്കുള്ള അതൃപ്തിയും മാണി.സി.കാപ്പന്‍ ഇടതുമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ട്. വരുന്ന വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന എന്‍.സി.പി ഭാരവാഹിയോഗവും ഹൈപവര്‍ കമ്മിറ്റിയും പാലാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് വിട്ടുകൊടുത്തുകൊണ്ട് ഒരു ഒത്തുതീര്‍പ്പും വേണ്ടെന്ന തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കുവാനും തീരുമാനമായിട്ടുണ്ട്.
സി.പി.ഐയുടെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നിട്ടും സി.പി.എം ജോസ്.കെ.മാണിയെ എല്‍.ഡി.എഫ് പാളയത്തിലെത്തിച്ചത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. മധ്യകേരളത്തില്‍ ഇടതുപക്ഷ സ്വാധീനം സൃഷ്ടിച്ചെടുക്കാനും ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാനും ജോസ്.കെ.മാണിയിലൂടെ സാധിക്കുമെന്നാണ് എല്‍.ഡി.എഫിന്റെയും പ്രത്യേകിച്ച് സി.പി.എമ്മിന്റെയും കണക്കുകൂട്ടല്‍.
ഇതിലൂടെ കോണ്‍ഗ്രസിന്റെ പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി യു.ഡി.എഫിനെ അപ്രസക്തമാക്കാനും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ലക്ഷ്യമിടുന്നു. അതുകൊണ്ടുതന്നെ ജോസ്.കെ.മാണിക്ക് ഇടതുമുന്നണിയെ ആവശ്യമുണ്ടെന്നതുപോലെ ഇടതുമുന്നണിക്ക് ജോസ്.കെ.മാണിയെയും ആവശ്യമുണ്ടെന്ന് പറയാം.
ഈയൊരു സാഹചര്യത്തില്‍, കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗത്തെയും എന്‍.സി.പിയെയും രമ്യതയിലെത്തിക്കാന്‍ സി.പി.എം മുന്‍കൈ എടുക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഒരുറപ്പ് ജോസ്.കെ.മാണിക്ക് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
എന്‍.സി.പിക്കുമേല്‍ സമ്മര്‍ദ്ദം അധികമായാല്‍ മാണി.സി.കാപ്പന്‍ എല്‍.ഡി.എഫ് വിട്ടുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മാണി.സി.കാപ്പന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂരിനെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ച് കണ്ടിരുന്നുവെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും പറഞ്ഞ് മാണി.സി.കാപ്പന്‍ വാര്‍ത്ത തള്ളിക്കളഞ്ഞു. മാണി.സി.കാപ്പന്റെ അതൃപ്തി മുതലെടുക്കാന്‍ യു.ഡി.എഫ് തന്ത്രങ്ങള്‍ മെനയുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.
മാത്രമല്ല, ബാര്‍ കോഴയും ബജറ്റ് വില്‍പ്പനയും ഉള്‍പ്പെടെ കെ.എം.മാണിക്കുമേല്‍ ചാര്‍ത്തിയ സി.പി.എമ്മും ഇടതുമുന്നണിയും ഇപ്പോള്‍ അക്കാര്യത്തില്‍ എന്തുപറയുന്നുവെന്ന ചോദ്യത്തിനും ജനങ്ങളോട് ഉത്തരം പറയേണ്ടി വരും. അച്ഛന്‍ ചെയ്ത തെറ്റിന് മകന്‍ എന്തുപിഴച്ചുവെന്ന ക്യാപ്‌സൂള്‍ പാര്‍ട്ടി അണികളില്‍ത്തന്നെ ദഹനക്കേടുണ്ടാക്കിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, കക്ഷത്തിലിരിക്കുന്നത് പോകാതെ ഉത്തരത്തിലിരിക്കുന്നതെടുക്കാന്‍ സി.പി.എമ്മും ഇടതുമുന്നണിയും നന്നേ തലപുകയ്‌ക്കേണ്ടിവരും.

Related posts

Leave a Reply

Your email address will not be published. Required fields are marked *