Breaking News

എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

എം.ശിവശങ്കര്‍

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യം തേടി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി വീണ്ടും നോട്ടിസ് നല്‍കിയതിനു പിന്നാലെയാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാകും ഇ.ഡി ഇനി ശിവശങ്കറിനെ ചോദ്യം ചെയ്യുക. ആദ്യം ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുക, പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ആവര്‍ത്തിക്കപ്പെട്ടാല്‍ സത്യം പറയുക എന്ന രീതിയാണ് ശിവശങ്കര്‍ അന്വേഷണ സംഘത്തോട് പുലര്‍ത്തുന്നത്.
അതുകൊണ്ടുതന്നെ ഇനിയുള്ള ചോദ്യം ചെയ്യല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നും അത് തന്റെ അറസ്റ്റിലേക്ക് നയിച്ചേക്കുമെന്നും മുന്നില്‍ക്കണ്ടാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. താന്‍ തെറ്റു ചെയ്തിട്ടില്ലാത്തതിനാല്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നില്ല എന്ന നിലപാടായിരുന്നു ശിവശങ്കര്‍ ഇതുവരെ സ്വീകരിച്ചത്.
കസ്റ്റംസും ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യും. ഇന്നലെ കസ്റ്റംസ് അദ്ദേഹത്തെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യംചെയ്യല്‍ പിന്നീട് മതിയെന്ന് തീരുമാനിക്കുകയായിരുന്നു. കൂടുതല്‍ തെളിവു ശേഖരണത്തിനു വേണ്ടിയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത് നീട്ടി വച്ചത് എന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ ദിവസം ശിവശങ്കര്‍ കൊച്ചിയിലെത്തി ഹൈക്കോടതി അഭിഭാഷകന്‍ എസ്.രാജീവിനെ സമീപിച്ച് നിയമോപദേശം തേടിയിരുന്നു. ഇതിനു മുമ്പ് എന്‍ഐഎ ഓഫിസില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ ഇതേ അഭിഭാഷകനെ തന്നെ കാണാന്‍ ശ്രമിച്ചെങ്കിലും മാധ്യമങ്ങളുടെ കണ്ണില്‍പെട്ടതിനാല്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *