Breaking News

ഒടുവില്‍ തീരുമാനമായി: കേരള കോണ്‍ഗ്രസ്(എം) ഇടത്തേക്ക്

കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ്.കെ.മാണി പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കുന്നു

കോട്ടയം: ഒടുവില്‍ രാഷ്ട്രീയ കേരളം കാത്തിരുന്ന ആ തീരുമാനമെത്തി. കേരള കോണ്‍ഗ്രസ് ജോസ്.കെ. മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കും. പാര്‍ട്ടി ചെയര്‍മാന്‍ ജോസ്.കെ.മാണിയാണ് ഈ തീരുമാനം അറിയിച്ചത്. മതേതര മുന്നണിയായ ഇടതുപക്ഷത്തോടൊപ്പം ഇനി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ ജോസ്.കെ.മാണി എം.പി സ്ഥാനം രാജിവെക്കുമെന്നും അറിയിച്ചു.
കെ.എം.മാണിക്കൊപ്പം നിന്നവരെ കോണ്‍ഗ്രസ് അപമാനിച്ചുവെന്നും ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. അന്യായമായാണ് തങ്ങളെ യു.ഡി.എഫില്‍നിന്ന് പുറത്താക്കിയത്. ആത്മാഭിമാനം പണയംവച്ച് പ്രവര്‍ത്തിക്കാനാവില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.ജെ.ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ. മാണി ആരോപിച്ചു.
കോട്ടയത്ത് ചേര്‍ന്ന നേതൃയോഗത്തിന് ശേഷമാണ് ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആദ്യം എല്‍.ഡി.എഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിച്ചു. ഒന്‍പത് മണിയോടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നു. തോമസ് ചാഴിക്കാടന്‍ എം.പി., റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എം.എല്‍.എമാരുമാണ് ജോസ് കെ. മാണിയെ കൂടാതെ യോഗത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് കെ.എം. മാണിയുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ചശേഷം പാര്‍ട്ടി ആസ്ഥാനത്തേക്ക് ജോസ് കെ. മാണിയും നേതാക്കളും തിരിച്ചു. കോട്ടയത്ത് ചേര്‍ന്ന നേതൃയോഗത്തിന് ശേഷമാണ് ജോസ്.കെ.മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരില്‍ തുടങ്ങിയ ഭിന്നതയാണ് ഇപ്പോള്‍ ജോസിനെയും കൂട്ടരേയും എല്‍.ഡി.എഫില്‍ എത്തിച്ചിരിക്കുന്നത്. മധ്യതിരുവതാംകൂറില്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ ജോസിന്റെ വരവ് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ജോസിനെ ഒപ്പം കൂട്ടാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.
തര്‍ക്കമുള്ള പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തില്‍ സി.പി.എം. ഇടപെട്ട് സമവായമുണ്ടാക്കുമെന്ന് ജോസ്.കെ.മാണിക്ക് ഉറപ്പ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാല സീറ്റ് ജോസ്.കെ.മാണിക്ക് തന്നെയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. അതേസമയം, പാലാ സീറ്റിന്റെ കാര്യത്തില്‍ മാണി സി. കാപ്പന്‍ നിലപാട് കടുപ്പിച്ചത് ഇടത് ചേരിയില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കും. 15 വര്‍ഷത്തെ രാഷ്ട്രീയ പോരാട്ടത്തിന് ഒടുവിലാണ് പാലാ സീറ്റ് പിടിച്ചെടുത്തതെന്നും അതിനാല്‍ വിട്ടുകൊടുക്കാനാവില്ലെന്നും മാണി.സി.കാപ്പന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *