
തിരുവനന്തപുരം: വാക്‌സിനേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കിയിട്ടും തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ വന്‍ തിരക്ക്. നീണ്ട ക്യൂവില്‍ നിന്ന രണ്ട് പേര്‍ കുഴഞ്ഞുവീണു. സാമൂഹിക അകലം പോലും പാലിക്കാതെയാണ് ജനങ്ങള്‍ ക്യൂവില്‍ നില്‍ക്കുന്നതുതന്നെ.
രാവിലെ 7 മണി മുതല്‍ പൊതുജനങ്ങള്‍ സ്റ്റേഡിയത്തിലേക്ക് എത്തി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ പലപല സമയങ്ങള്‍ അനുവദിച്ച് കിട്ടിയവരും ഒരുമിച്ച് എത്തിയതോടെ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് കയറാന്‍ തിക്കും തിരക്കുമായി. തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന് ഇടപെടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.
ക്യാമ്പില്‍ ഇന്ന് രണ്ടായിരം പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇതില്‍ ഭൂരിഭാഗം പേരും എത്തുകയായിരുന്നു. പത്തുമണിക്കാണ് കേന്ദ്രത്തില്‍ വാക്സിനേഷന്‍ ആരംഭിക്കുന്നത്. എന്നാല്‍ അതിനും മുന്‍പേ നിരവധിപ്പേര്‍ കേന്ദ്രത്തില്‍ എത്തിയിരുന്നു. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കണ്‍ നല്‍കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതും വിജയിച്ചില്ല. വാക്സിന്‍ എടുക്കാന്‍ എത്തിയവരും പോലീസും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തു.