
നാവായിക്കുളം :നാവായികുളത്ത് 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സിപിഎം പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ നേതാവും അറസ്റ്റിൽ. നാവായിക്കുളം പഞ്ചായത്ത് നാലാം വാർഡ് മെമ്പറായ കുടവൂർ മുല്ലനല്ലൂർ പുത്തൻവീട്ടിൽ സഫറുള്ള (44), ഡിവൈഎഫ്ഐ മരുതിക്കുന്നു ബ്രാഞ്ച് സെക്രട്ടറി മടവൂർ മുല്ലനല്ലൂർ കാവുവിളവീട്ടിൽ ഷമീർ (32) എന്നിവരാണ് അറസ്റ്റിലായത് . മരുതിക്കുന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് കേസിലെ രണ്ടാം പ്രതിയായ സഫറുള്ള.
പ്രതികൾ പെൺകുട്ടിയെ ആറുമാസത്തോളമായി പീഡിപ്പിച്ചു വരികയായിരുന്നു. ഒന്നാം പ്രതിയായ ഷമീർ പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുകയും, ഇക്കാര്യം പുറത്തു പറയുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി രണ്ടാംപ്രതി സഫറുള്ള കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഒടുവിൽ പെൺകുട്ടിയിൽ നിന്നും പീഡനവിവരം മനസ്സിലാക്കിയ വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിൽ പെൺകുട്ടി വിവരങ്ങൾ വിശദമായി പറഞ്ഞതോടെ ചൈൽഡ് ലൈൻ പള്ളിക്കൽ പൊലീസിന് വിവരങ്ങൾ കൈമാറി.
ചൈൽഡ് ലൈൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് പള്ളിക്കൽ പോലീസ് പോക്‌സൊ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച പ്രതികളെ കസ്റ്റഡിയിലെടുത്ത് ഉച്ചയോടെ അറസ്റ്റും രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾ ഇപ്പോൾ നെയ്യാറ്റിൻകര സബ്ജയിലിൽ ആണുള്ളത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം ഏഴു ദിവസത്തേക്ക് കൊറേണ്ടേയിൻ പൂർത്തിയാക്കാനാണ് നെയ്യാറ്റിൻകര സബ്ജയിലിലേക്ക് പ്രതികളെ കൊണ്ടുപോയത്. കൊറേണ്ടേയിൻ പൂർത്തിയാക്കിയ ശേഷം ഇവരെ ആറ്റിങ്ങൽ സബ്ജയിലിൽ എത്തിക്കും