
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനയാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വെള്ളവും വളവും നല്‍കുന്നുവെന്നാണ് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലൂടെ ആരോപിക്കുന്നത്.
ശ്രീനാരായണ ഗുരു കരുത്തു പകര്‍ന്ന ഒരു സംഘടിത സംവിധാനത്തെ കുടുംബസ്വത്തുപോലെ വെള്ളാപ്പള്ളി കൈപ്പിടിയിലൊതുക്കിയെന്ന് വിമര്‍ശിച്ച സി.പി.ഐ വെള്ളാപ്പള്ളിയുടേത് ഇടുങ്ങിയ മനസ്സാണെന്നും കുറ്റപ്പെടുത്തുന്നു.
ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ വെള്ളാപ്പള്ളി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണില്‍ കുത്തിയെന്നാണ് അദ്ദേഹം ആരോപിച്ചത്. ഇതിനുള്ള മറുപടിയാണ് സി.പി.ഐ ഇപ്പോള്‍ പാര്‍ട്ടി മുഖപത്രത്തിലൂടെ നല്‍കിയിരിക്കുന്നത്.