Breaking News

കോണ്‍ഗ്രസിനോട് സലാം പറഞ്ഞ് ഖുശ്ബു: രാജിക്കത്ത് പുറത്ത്; ബി.ജെ.പിയിലേക്കെന്ന് സൂചന

ഖുശ്ബു

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാതാരം ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഖുശ്ബു രാജിക്കത്ത് നല്‍കി. ഇന്ന് രാവിലെ എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് ഇവരെ പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് എഐസിസിയും പുറത്തുവിട്ടു.
തനിക്ക് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ചിലര്‍ ഇല്ലാക്കുന്നുവെന്നും ജനങ്ങളുമായി ബന്ധമില്ലാത്ത പാര്‍ട്ടിയിലെ ചില ഉന്നതര്‍ തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നും ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലായെന്നും ഖുശ്ബു രാജിക്കത്തില്‍ പറയുന്നു.
ഇപ്പോള്‍ ഡല്‍ഹിയിലുള്ള ഖുശ്ബു ബി.ജെ.പി നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എഐസിസി ഇവരെ ദേശീയ വക്താവ് സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്. ഖുശ്ബുവിന് പുറമേ തമിഴ്‌നാട് രാഷ്ട്രീയത്തിലെ രണ്ട് പ്രമുഖ നേതാക്കള്‍കൂടി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നും സൂചനയുണ്ട്.
ഖുശ്ബു ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന് ആഴ്ചകള്‍ക്കുമുമ്പേ തന്നെ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകവുമായി അകല്‍ച്ചയിലായിരുന്നെങ്കിലും കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുമെന്നാണ് ഖുശ്ബു പ്രതികരിച്ചിരുന്നത്.
2014 ലാണ് ഖുശ്ബു കോണ്‍ഗ്രസില്‍ ചേരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വവുമായി യോജിച്ചുപോകാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് കാരണമാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതെന്നും ഇവര്‍ കരുതുന്നു.
അടുത്ത വര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖുശ്ബുവിന്റെ രംഗപ്രവേശം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ബി.ജെ.പി നേതൃത്വം കരുതുന്നു. സിനിമാ താരങ്ങളുടെ വ്യക്തിപ്രഭാവത്തിന് അമിതമായ പ്രാധാന്യം നല്‍കുന്ന തമിഴ് ജനതയുടെ രാഷ്ട്രീയ കാഴ്ചപ്പാട് ഖുശ്ബുവിലൂടെ പാര്‍ട്ടിക്ക് ദോഷം ചെയ്യുമോയെന്ന് കോണ്‍ഗ്രസിനും പേടിയുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *