
മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസിന് സമ്മാനിച്ചപ്പോള്‍
വര്‍ക്കല: സംസ്ഥാന ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ അക്ഷയ കേരളം അവാര്‍ഡ് വര്‍ക്കല മുനിസിപ്പാലിറ്റിക്ക്. ക്ഷയരോഗ നിര്‍മാര്‍ജന രംഗത്ത് വര്‍ക്കല മുനിസിപ്പാലിറ്റി നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ മികച്ച രീതിയിലുള്ള ഫീല്‍ഡ് പ്രവര്‍ത്തനങ്ങളാണ് അക്ഷയ കേരളം അവാര്‍ഡിന് വര്‍ക്കല മുനിസിപ്പാലിറ്റിയെ അര്‍ഹമാക്കിയത്.
ഇന്ന് രാവിലെ 11 മണിക്ക് താലൂക്ക് ആശുപത്രിയില്‍വച്ച് നടന്ന ലളിതമായ ചടങ്ങില്‍ വര്‍ക്കല എം.എല്‍.എ അഡ്വ.ജോയ് അക്ഷയ കേരളം അവാര്‍ഡ് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസിന് സമ്മാനിച്ചു. ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെല്‍സണ്‍ സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ ചാര്‍ജ്ജ് ഇന്‍ ടി.ബി ഡോ.ജിജിന്‍ വിഷയാവതരണം നടത്തി.
ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ നാലു ഘട്ടങ്ങളിലും വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കൈവരിച്ച പൂര്‍ണതക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്. 2019-2020ല്‍ മുനിസിപ്പാലിറ്റിയിലെ 33 വാര്‍ഡുകളിലും ക്ഷയരോഗബാധയുള്ള ഒരാളുപോലും മരുന്ന് ഇടയ്ക്കുവച്ച് നിര്‍ത്തി ക്ഷയരോഗത്തിന്റെ ഗുരുതരമായ രണ്ടാം ഘട്ടത്തിലേക്ക് പോകേണ്ടിവന്നിട്ടില്ല.
ക്ഷയരോഗ ബാധിതരില്‍ 100 ശതമാനം പേരും രോഗമുക്തരായ മുനിസിപ്പാലിറ്റിയാണ് വര്‍ക്കല മുനിസിപ്പാലിറ്റി. മുതിര്‍ന്നവരില്‍നിന്നും കുട്ടികളിലേക്ക് രോഗം വ്യാപിക്കാതെ ശ്രദ്ധിച്ചതിലൂടെ 2019-2020ല്‍ ചൈല്‍ഡ് ടി.ബി ഇല്ലാത്ത മുനിസിപ്പാലിറ്റിയായി മാറി.
ക്ഷയരോഗം ബാധിച്ച് ചികിത്സയിലുള്ളവരില്‍ പ്രമേഹമുള്ളവരെയും പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഉള്ളവരെയും പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തി. പുകവലി, മദ്യപാനം എന്നീ ദുശ്ശീലങ്ങളുള്ള രോഗികള്‍ക്ക് ലഹരിയില്‍നിന്ന് മുക്തരാവാനുള്ള കൗണ്‍സിലിംഗും ഏര്‍പ്പെടുത്തി. ഇതിലൂടെ പ്രാരംഭഘട്ടത്തിലെ ചികിത്സ പരാജയപ്പെടുന്ന അവസ്ഥയുണ്ടാവാതെ നോക്കാനും വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ആരോഗ്യ വിഭാഗത്തിന് സാധിച്ചു.