
വര്‍ക്കല: കോവിഡ് 19 വ്യാപനത്തിനെതിരെ സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരുമ്പോഴും വര്‍ക്കല താലൂക്ക് ആശുപത്രി ജാഗ്രതക്കുറവിന്റെ അടയാളമായി മാറുന്നു. ഡോക്ടറെ കാണാനുള്ള ക്യൂവിലും ഫാര്‍മസിക്ക് മുന്നിലും ഈ ജാഗ്രതക്കുറവിന്റെ അടയാളങ്ങളുണ്ട്.
വിവിധ ആരോഗ്യ പ്രശ്നങ്ങളുമായി നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി ഈ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. എന്നാല്‍ രോഗികളും കൂട്ടുവന്നവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ട അധികൃതര്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് തുടരുന്നത്.

ആശുപത്രി കോമ്പൗണ്ടിനകത്ത് രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ സദാ പ്രവര്‍ത്തനനിരതരാണ്. എന്നാല്‍, പ്രവര്‍ത്തനം വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് പിരിച്ചെടുക്കുന്നതിലാണെന്ന് മാത്രം. ഓടിനടന്ന് പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ കാണിക്കുന്ന താല്പര്യം ഇവര്‍ കോവിഡ് പ്രതിരോധത്തിന് കാണിക്കുന്നില്ല.
ഡോക്ടറെ കാണാന്‍ രോഗികള്‍ ക്യൂ പാലിക്കന്നുണ്ടെങ്കിലും പലരും സാമൂഹ്യ അകലം കൃത്യമായി പാലിക്കുന്നില്ലെന്നത് ഒരു വസ്തുതയാണ്. ഒ.പി ടിക്കറ്റെടുക്കുന്ന സ്ഥലത്തും ഫാര്‍മസിക്ക് മുന്നിലും ഇതുതന്നെയാണ് അവസ്ഥ.
വിവിധ മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെത്തട്ടിലുള്ള ജീവനക്കാര്‍ വരെ ഒരേ മനസ്സോടെ കോവിഡിനെതിരെ ചിന്തിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. താലൂക്ക് ആശുപത്രിയിലെ ജീവനക്കാരില്‍ നിന്നും അക്കാര്യത്തില്‍ കടുത്ത വീഴ്ചകളാണ് സംഭവിക്കുന്നത്.

കോവിഡ് പോസിറ്റീവ് ആയവരെ ചികിത്സിക്കുന്ന പ്രത്യേക വാര്‍ഡും ഈ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകം ഗേറ്റിലൂടെയാണ് കോവിഡ് വാര്‍ഡിലേക്കുള്ള പ്രവേശനമെങ്കിലും കോവിഡ് വാര്‍ഡില്‍ ജോലിചെയ്യുന്നവരും കോവിഡ് പോസിറ്റീവ് ആയവരും മറ്റ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരാനുള്ള സാധ്യത കൂടുതലാണ്. കാരണം കോവിഡ് വാര്‍ഡിനെ മറ്റ് വാര്‍ഡുകളില്‍നിന്നും പൂര്‍ണ്ണമായും വേര്‍തിരിക്കുന്ന സംവിധാനങ്ങള്‍ ഇവിടെയില്ല എന്നതുതന്നെ.
ഈ സാഹചര്യത്തില്‍ വളരെയേറെ ശ്രദ്ധയോടെ ചികിത്സ തേടിയെത്തുന്ന രോഗികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ട അധികൃതര്‍ ശരിക്കും പറഞ്ഞാല്‍ ഭാഗ്യപരീക്ഷണമാണ് നടത്തുന്നത്. ഭാഗ്യമുണ്ടെങ്കില്‍ ഇവിടെ ചികിത്സ തേടിയെത്തുന്നവര്‍ക്കും കൂടെവരുന്നവര്‍ക്കും കോവിഡ് ബാധിക്കാതെ തിരിച്ചുപോകാമെന്ന നിലയിലാണ് കാര്യങ്ങള്‍.