Breaking News

കിഫ്ബിക്കെതിരെ ആര്‍.എസ്.എസ് ഗൂഢാലോചന: തോമസ് ഐസക്

തോമസ് ഐസക്

ആലപ്പുഴ: കിഫ്ബിക്കെതിരെ നടക്കുന്നത് ആര്‍.എസ്.എസ് ഗൂഢാലോചനയെന്ന് ധനമന്ത്രി തോമസ് ഐസക്. ആര്‍.എസ്.എസ് നേതാവ് റാം മാധവ് തൃശൂര്‍ രാമനിലയത്തില്‍ വച്ചാണ് ഗൂഢാലോചന നടത്തിയതെന്നും തോമസ് ഐസക് ആരോപിച്ചു. കിഫ്ബിയ്ക്കെതിരായ ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി. സെക്രട്ടറി മാത്യു കുഴല്‍നാടനെയും ഐസക്ക് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മാത്യു കുഴല്‍നാടന്‍ ബി.ജെ.പിയുടെ വക്കാലത്ത് എടുത്തതിലൂടെ ആര്‍.എസ്.എസിന്റെ കോടാലിയായി മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അങ്ങനെയൊരു കെ.പി.സി.സി. സെക്രട്ടറിയെ കോണ്‍ഗ്രസിന് വേണോയെന്നും അദ്ദേഹം ചോദിച്ചു.
കിഫ്ബിക്കെതിരെ കേസ് കൊടുത്ത രഞ്ജിത്ത് കാര്‍ത്തികേയന്‍ ചാനലില്‍ വിശദീകരണം നടത്തിയതും മാത്യു കുഴല്‍നാടന്‍ വക്കാലത്തെടുത്തതും പരാമര്‍ശിച്ച തോമസ് ഐസക് കിഫ്ബിക്ക് എതിരായിട്ടുളള രാഷ്ട്രീയ ഗൂഢാലോചനയിലെ പിന്നണി രഹസ്യങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി.
കിഫ്ബി സ്റ്റാറ്റിയൂട്ടറി ബോഡി ആണെന്നും ബോഡി കോര്‍പറേറ്റ് അല്ലെന്നുമാണ് കിഫ്ബിക്കെതിരായ പരാതിക്കാരന്‍ രഞ്ജിത് കാര്‍ത്തികേയന്റെ വാദം. ബോഡി കോര്‍പറേറ്റ് ആണെങ്കില്‍ അവര്‍ക്ക് വായ്പ എടുക്കാം. സ്റ്റാറ്റിയൂട്ടറി ബോഡി ആണെങ്കില്‍ എടുക്കുന്ന വായ്പ സര്‍ക്കാരിന്റെ വായ്പ ആയിരിക്കും. ഈ വാദം സാധൂകരിക്കാന്‍വേണ്ടി മാത്രമാണ് അദ്ദേഹം ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനെ വരെ പ്രതി ചേര്‍ത്ത്, സി.എ.ജി.യെ കക്ഷി ചേര്‍ത്തുകൊണ്ട് കേസ് കൊടുത്തതെന്നും ധനമന്ത്രി പരിഹസിച്ചു.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് രാമനിലയത്തില്‍വെച്ച് കൂടിക്കാഴ്ച നടത്തിയത്. കോടതിയില്‍ കേസ് കൊടുത്തതിനു ശേഷം രണ്ടുവട്ടം കോടതിയുടെ അംഗീകാരത്തോടെ കേസ് പിന്‍വലിച്ചു. ഇതുപോരാ എന്ന് തോന്നിയിട്ടാണ് തുടര്‍ന്ന് ആര്‍.എസ്.എസ്. നേതാവുമായി കൂടിയാലോചനയും മൂന്നാംവട്ടം കേസ് കൊടുക്കാനുള്ള തീരുമാനം ഉണ്ടായത്- തോമസ് ഐസക്ക് ആരോപിച്ചു.
നിയമം വഴി രൂപവത്കരിച്ചാല്‍ അത് സ്റ്റാറ്റിയൂട്ടറി ബോഡിയാണ്. അതുകൊണ്ട് അത് എടുക്കുന്ന വായ്പ സര്‍ക്കാരിന്റെ അക്കൗണ്ടില്‍ പെടുത്തണമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും തോമസ് ഐസക്ക് പറഞ്ഞു. കേസ് എടുത്തത് പ്രൊഫഷണല്‍ ആയാണെന്നും രാഷ്ട്രീയം നോക്കിയല്ലെന്നുമുള്ള മാത്യു കുഴല്‍നാടന്റെ വാദത്തെയും മന്ത്രി വിമര്‍ശിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *