
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരവെ കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. മകന്‍ ബിനീഷ് കോടിയേരിക്കെതിരായ കേസുകള്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കോടിയേരി സ്വയം സ്ഥാനം ഒഴിഞ്ഞതെന്നാണ് സൂചന.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവനാണ് സെക്രട്ടറിയുടെ താല്‍ക്കാല ചുമതല. ആരോഗ്യപരമായ കാരണം ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി പദവിയില്‍നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണമെന്ന കോടിയേരിയുടെ ആവശ്യം പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു.
കോടിയേരിയുടെ മക്കളായ ബിനീഷും ബിനോയിയും വിവാദ വിഷയങ്ങളില്‍ ഉള്‍പ്പെടുന്നത് കോടിയേരിയെ പാര്‍ട്ടിയില്‍ പലകുറി പ്രതിസന്ധിയിലാക്കിയിരുന്നു. അതെല്ലാം കോടിയേരിയെയും പാര്‍ട്ടിയെയും ആക്രമിക്കാനുള്ള എതിരാളികളുടെ നീക്കമെന്ന നിലയില്‍ കോടിയേരിയും പാര്‍ട്ടിയും തള്ളിക്കളയുകയായിരുന്നു.
എന്നാല്‍, ഈയിടെ മയക്കുമരുന്ന് കേസില്‍ ബിനീഷ് അറസ്റ്റ് ചെയ്യപ്പെട്ടത് പാര്‍ട്ടിക്ക് പ്രതിരോധിക്കാനാവാത്ത പ്രതിസന്ധിയാണുണ്ടായത്. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.
മാത്രമല്ല, തിരുവനന്തപുരത്തുള്ള ബിനീഷിന്റെ വീട് ഇ.ഡി റെയ്ഡ് ചെയ്തതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോള്‍ ബംഗളുരു ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിനീഷിനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ചോദ്യം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരവെ മയക്കുമരുന്ന് കേസ് പ്രതിയുടെ പിതാവ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തുടരുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടാന്‍ കാരണമാകുമെന്ന് വിലയിരുത്തലുണ്ട്. 2015 ല്‍ പിണറായി വിജയന്റെ പിന്‍ഗാമിയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.