Breaking News

കേരളം സമൂഹവ്യാപനത്തിലേക്ക്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വന്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ സമൂഹവ്യാപനത്തിന്റെ സൂചന നല്‍കി ആരോഗ്യവിദഗ്ധര്‍. കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്നതോടെയാണ് തിരുവനന്തപുരം ജില്ലയില്‍ സംഭവിച്ച സമൂഹവ്യാപനം കേരളമൊട്ടാകെ വ്യാപിച്ചേക്കാം എന്ന ആശങ്ക ആരോഗ്യവിദഗ്ധര്‍ പങ്കുവയ്ക്കുന്നത്.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലായത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനയായാണ് ആരോഗ്യ വിദഗ്ധര്‍ കരുതുന്നത്. 100 ആളുകളില്‍ കോവിഡ് പരിശോധന നടത്തി അതില്‍ എത്രപേര്‍ക്ക് പോസിറ്റീവ് ആകുന്നു എന്നതിനെ അടിസ്ഥാനത്തിലാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കണക്കാക്കുന്നത്. ഇതുപ്രകാരം കഴിഞ്ഞയാഴ്ച 9.1 ശതമാനമാനം ആയിരുന്നു കേരളത്തിന്റെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ദേശീയ ശരാശരി 8.7 ശതമാനവും. ജൂണ്‍ ആദ്യവാരത്തില്‍ കേരളത്തിന്റെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 1.6 ശതമാനമായിരുന്നു എന്നതുകൂടി പരിഗണിക്കുമ്പോഴാണ് സംസ്ഥാനം നേരിടാന്‍ പോകുന്ന വിപത്തിന്റെ ആഴം മനസിലാകുന്നത്.
കോവിഡ് പോസിറ്റീവ് ആകുന്നവരില്‍ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം പെരുകുന്നതും ആരോഗ്യവകുപ്പിനെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. ഒരു മാസത്തിനുള്ളില്‍ ഉറവിടം അറിയാത്ത കേസുകളില്‍ 4162 എണ്ണത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം ഇന്നലെവരെ 6055 ഉറവിടം അറിയാത്ത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോല്‍ ആഗസ്റ്റ് മാസം ഇക്കാലയളവില്‍ ഇത് 1893 ആയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 2893 ഉറവിടം അറിയാത്ത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഉറവിടം അറിയാത്ത രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് സമൂഹവ്യാപനത്തിന്റെ സൂചനയാണെന്നും തിരുവനന്തപുരം ജില്ലയിലാണ് രോഗവ്യാപനം രൂക്ഷമെന്നും ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ രോഗപ്രതിരോധ സംവിധാനത്തിലും മാറ്റം വരുത്തേണ്ടി വന്നേക്കും. ഇപ്പോഴത്തെ ഗുരുതരമായ സ്ഥിതിവിശേഷത്തില്‍ കണ്ടെയ്ന്റ്‌മെന്റ് സോണ്‍ നിശ്ചയിച്ചുള്ള നിയന്ത്രണങ്ങള്‍ വേണ്ടത്ര ഗുണം ചെയ്യില്ലായെന്ന അഭിപ്രായവും വിദഗ്ധ സമിതിക്കുണ്ട്. ഇതു സംബന്ധിച്ചുള്ള ശുപാര്‍ശ വിദഗ്ധ സമിതി സര്‍ക്കാരിന് കൈമാറാനിരിക്കുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *