
ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്തുകേസിനും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി വിവാദത്തിനും പിന്നാലെ ഉയര്‍ന്നുവന്ന കിഫ്ബി വിവാദത്തില്‍ നിയമോപദേശം തേടി ഇടതുപക്ഷ സര്‍ക്കാര്‍ ഡല്‍ഹിയിലേക്ക്. സീനിയര്‍ അഭിഭാഷകനും ഭരണഘടന വിദഗ്ദ്ധനുമായ ഫാലി.എസ്.നരിമാന്റെ നിയമോപദേശമാണ് സര്‍ക്കാര്‍ തേടിയത്.
കിഫ്ബിയും മസാലബോണ്ടുകളും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ ഫാലി നരിമാന്റെ ഉപദേശം തേടിയത്. ധനവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസാണ് സര്‍ക്കാരിന് വേണ്ടി നിയമോപദേശം തേടിയത്.
ഭരണഘടനയുടെ 293(1)വകുപ്പും അതിന്റെ അനുച്ഛേദവുമായി ബന്ധപ്പട്ടാണ് നിയമോപദേശം തേടിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. വിദേശ വായ്പകളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം നിര്‍വചിക്കുന്ന വകുപ്പാണിത്.
സര്‍ക്കാരിന് പുറത്തുള്ള ധനകാര്യ സ്ഥാപനമായ കിഫ്ബിക്ക് വിദേശ രാജ്യങ്ങളില്‍നിന്ന് ധനസമാഹരണം നടത്തുന്നതിനുള്ള സാധ്യതകളും അതിന് ലഭിക്കാവുന്ന നിയമപരിരക്ഷയെക്കുറിച്ചുമാണ് ഫാലി നരിമാന്റെ ഉപദേശം തേടിയിട്ടുള്ളത്.
വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫാലി നരിമാനെ സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്നതിന്റെ സാധ്യതയും ആരായുന്നുണ്ടെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കഴിഞ്ഞ ദിവസം നരിമാന്റെ ഓഫീസിന് കൈമാറിയിരുന്നു.