
കോഴിക്കോട്: കോവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആശുപത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ കോവിഡ് സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്കുനേരെയാണ് പീഡനശ്രമം നടന്നത്.
യുവതി പോലീസിനെ ഫോണില്‍ വിളിച്ചാണ് പരാതി പറഞ്ഞത്. ആശുപത്രി ജീവനക്കാരന്‍ ആദ്യം ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്നും പിന്നീട് ഞായറാഴ്ച രാത്രി ഡോക്ടറെ കാണിക്കാനാണെന്നു പറഞ്ഞ് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.
കള്ളം പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ആളില്ലാത്ത നിലയിലെത്തിച്ചെന്നും ലിഫ്റ്റില്‍ വച്ച് പിടിച്ചു തള്ളിയെന്നും പരാതിക്കാരി വ്യക്തമാക്കി അത്തോളി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തും. എന്നാല്‍, ആശുപത്രിയിലെ ഡോക്ടറോടും മറ്റും പറഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും യുവതി പറയുന്നു. രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.