Breaking News

പ്രതീക്ഷയോടെ ബി.ജെ.പി: ഫട്‌നാവിസ്-റാവത്ത് ചര്‍ച്ച രാഷ്ട്രീയ നീക്കമോ?

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതീക്ഷ കൈവിടാതെ ബി.ജെ.പി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് നടത്തിയ കൂടിക്കാഴ്ച ഇതിന്റെ സൂചനയാണ്. ചര്‍ച്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളെന്ന സൂചന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ നല്‍കിക്കഴിഞ്ഞു. ശിവസേന മുഖപത്രമായ സാമ്നയിലൂടെയാണ് ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയ വിവരം സഞ്ജയ് റാവത്ത് വെളിപ്പെടുത്തിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഇല്ലെന്നാണ് ഇരുവരും പിന്നീട് പറഞ്ഞത്.
എന്നാല്‍ സംസ്ഥാനം ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലാണെന്നും വീണ്ടുമൊരു തിരിഞ്ഞെടുപ്പ് അനിവാര്യമാണെന്നുമാണ് ചന്ദ്രകാന്ത് പാട്ടീല്‍ ഇപ്പോള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഫട്‌നാവിസ്-റാവത്ത് ചര്‍ച്ച രാഷ്ട്രീയ മാറ്റത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മൂന്ന് പാര്‍ട്ടികള്‍ക്കും ഒരുമിച്ച് സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്നും ചന്ദ്രകാന്ത് പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
ഫഡ്നാവിസും റാവത്തും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ എന്‍ഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് രാം ദാസ് അത്താവ്ലെ ശിവസേന തിരികെ മുന്നണിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം ശരദ് പവാറിന്റെ എന്‍സിപി എന്‍ഡിഎയില്‍ ചേരണമെന്നും അത്താവ് ല അഭിപ്രായപ്പെട്ടിരുന്നു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച തര്‍ക്കമാണ് ശിവസേനയും ബിജെപിയും തമ്മില്‍ പിരിയാന്‍ കാരണം. ഇതേതുടര്‍ന്നാണ് എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ ചേര്‍ത്ത് മഹാവികാസ് അഘാടി സഖ്യത്തിലൂടെ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുന്ന സാഹചര്യമുണ്ടായത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *