Breaking News

കര്‍ഷക പ്രക്ഷോഭം: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍; വേണ്ടെന്ന് സമരസമിതി

പഞ്ചാബില്‍ നടന്ന കര്‍ഷക സമരത്തില്‍നിന്ന്. ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്രസര്‍ക്കാര്‍. ഉത്തരേന്ത്യയില്‍ കര്‍ഷക സമരം തുടരുന്നതിനിടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.
നാളെയാണ് ഡല്‍ഹിയിലെത്തി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ കേന്ദ്രവുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് പഞ്ചാബിലെ കര്‍ഷകരുടെ സംയുക്ത സമര സമിതി.
കാര്‍ഷിക മേഖലയില്‍ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ട് മൂന്ന് നിയമങ്ങള്‍ കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതോടെയാണ് രാജ്യത്തെ നൂറോളം വരുന്ന കര്‍ഷക സംഘടനകള്‍ സമരത്തിലേക്ക് നീങ്ങിയത്. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലാണ് കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിച്ചത്.
പഞ്ചാബില്‍ കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയാണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സമരം ശക്തിപ്രാപിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ് കര്‍ഷക സംഘടനകള്‍ക്ക് ലഭിച്ചത്.
ടെലിഫോണിലൂടെയും ഈ മെയില്‍ മുഖാന്തിരവും ആയിരിക്കും ചര്‍ച്ച നടക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങളോട് അനുഭാവപൂര്‍വ്വമായ നിലപാടല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തങ്ങള്‍ തയാറല്ലായെന്നുമാണ് സംയുക്ത കര്‍ഷകസമിതി പറയുന്നത്.
എന്നാല്‍ ബിജെപി അനുകൂല കര്‍ഷക സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. ഇടത് പിന്തുണയുള്ള സംഘടനകളും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ കര്‍ഷക സംഘടനകളും ഇക്കാര്യത്തില്‍ ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *