
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ ഡല്‍ഹി കലാപത്തിന്റെ അനുബന്ധ കുറ്റപത്രത്തില്‍ ആര്‍എസ്എസിനെതിരെയും പരാമര്‍ശം. ‘ഖട്ടര്‍ ഹിന്ദു ഏക്താ’ എന്ന വാട്‌സാപ് കൂട്ടായ്മയിലൂടെ കലാപത്തിന് ആര്‍എസിഎസിന്റെ സഹായം ലഭിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കലാപത്തില്‍ കൊല്ലപ്പെട്ട ഹാഷിം അലിയെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയതിന് 9 പ്രതികള്‍ക്കെതിരെ സെപ്റ്റംബര്‍ 26ന് ഡല്‍ഹി പൊലീസ് ചീഫ് മെട്രോപൊലീത്തന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇവരിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇതില്‍ ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആര്‍.എസ്.എസിനെയും അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. ഫെബ്രുവരി 25നാണ് വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. മുസ്ലിം വിഭാഗത്തിനെതിരെ ആക്രമണം നടത്താന്‍ ഗ്രൂപ്പില്‍ ഗൂഢാലോചന നടന്നതായും കുറ്റപത്രത്തില്‍ പറയുന്നു. ഹാഷിം അലി, സഹോദരന്‍ അമീര്‍ ഖാന്‍ എന്നിവരെ ഉള്‍പ്പെടെ 9 പേരെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.