Breaking News

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി: 16 കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി

കയറ്റുമതിയിലൂടെ ലക്ഷ്യമിടുന്നത് 6.50 ലക്ഷം കോടി

ഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദനം തുടങ്ങാന്‍ ആഗോള സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 16 കമ്പനികള്‍ക്ക് ഇലക്ട്രോണിക്സ്, ഇന്‍ഫോര്‍മേഷന്‍, ടെക്‌നോളജി മന്ത്രാലയം അംഗീകാരം നല്‍കി.
സാംസങ്, ഫോക്സ്‌കോണ്‍, ഹോന്‍ ഹായ്, റൈസിങ് സ്റ്റാര്‍, വിസ്ട്രോണ്‍, ലാവ, മൈക്രോമാക്സ്, പഡ്ഗെറ്റ് ഇലക്ട്രോണിക്സ്, യുടിഎല്‍ നിയോലിങ്ക്സ്, പെഗാട്രോണ്‍ തുടങ്ങിയ കമ്പനികള്‍ ഉത്പാദനവുമായി ബന്ധിപ്പിച്ച ആനൂകൂല്യ പദ്ധതി(പിഎല്‍ഐ)യുടെ ഭാഗമായി അംഗീകാരം ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.
ഓഗസ്റ്റ് ഒന്നുവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ 20 കമ്പനികളാണ് അപേക്ഷ നല്‍കിയത്. സാംസങ്, ഫോക്സ്‌കോണ്‍, ഹോന്‍ ഹായ്, റൈസിങ് സ്റ്റാര്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ തുടങ്ങിയ ആഗോള കമ്പനികള്‍ക്ക് 15,000 രൂപയ്ക്കുമുകളിലുള്ള ഫോണുകളാകും നിര്‍മിക്കാനാവുക. എന്നാല്‍ രാജ്യത്തെ കമ്പനികള്‍ക്ക് ഈ നിബന്ധനയില്ല.
ഫോക്സ് കോണ്‍, ഹോന്‍ ഹായ്, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നീ കമ്പനികള്‍ ആപ്പിളിനുവേണ്ടി ഐ ഫോണ്‍ നിര്‍മിക്കാന്‍ കരാര്‍ ലഭിച്ചവയാണ്. 16 കമ്പനികളും ചേര്‍ന്ന് അഞ്ചുവര്‍ഷംകൊണ്ട് 10.5 ലക്ഷം കോടിയിലേറെ ഉത്പാദനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കയറ്റുമതികൂടി പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത്.
മൊത്തം ഉത്പാദനത്തില്‍ 60 ശതമാനവും കയറ്റുമതി ചെയ്യാനാണ് പദ്ധതി. കയറ്റുമതിയിലൂടെ പ്രതീക്ഷിക്കുന്ന മൊത്തംമൂല്യം 6.50 ലക്ഷം കോടി രൂപയാണ്.
ഐ ഫോണ്‍ നിര്‍മ്മിക്കാന്‍ കരാര്‍ ലഭിച്ച കമ്പനികളുടെ കടന്നുവരവ് രാജ്യത്തിന്റെ മൊബൈല്‍ കയറ്റുമതി മേഖലയില്‍ വന്‍ പുരോഗതിക്ക് വഴിയൊരുക്കും. ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ കണക്കുപ്രകാരം 2016-17വര്‍ഷത്തില്‍ 900 കോടി മൊബൈല്‍ ഹാന്‍ഡ്സെറ്റുകളാണ് കയറ്റുമതി ചെയതത്. 2017-18 വര്‍ഷത്തില്‍ ഇത് 1,300 കോടിയായും 2018-19വര്‍ഷത്തില്‍ 11,200 കോടിയായും 2019-20 വര്‍ഷത്തില്‍ 27,200 കോടിയായും ഉയര്‍ന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *