Breaking News

സ്വര്‍ണ്ണക്കടത്ത് കേസ്: കാരാട്ട് ഫൈസല്‍ കസ്റ്റംസ് കസ്റ്റഡിയില്‍

കാരാട്ട് ഫൈസല്‍. ചിത്രം ഫെയ്ബുക്കില്‍നിന്ന്‌

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റംസ് കസ്റ്റഡിയില്‍. കാരാട്ട് ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് പുലര്‍ച്ചെ നടത്തിയ റെയ്ഡിന് ശേഷമാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. റെയ്ഡില്‍ നിരവധി രേഖകളും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.
കാരാട്ട് ഫൈസല്‍ സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നതായും തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തില്‍ വര്‍ഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റംസ് സൂചന നല്‍കുന്നു. നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ മാത്രമല്ല ഈ കേസിലെ പ്രതികള്‍ നടത്തിയ എല്ലാ സ്വര്‍ണക്കടത്തിലും ഫൈസലിന് നിക്ഷേപമുളളതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളായ റമീസ്, ഫൈസല്‍ ഫരീദ് എന്നിവരില്‍ നിന്നാണ് കാരാട്ട് ഫൈസലിന്റെ പങ്കിനെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചതെന്നാണ് സൂചന. ഇതേ കേസിലെ പ്രധാന പ്രതിയായ സ്വപ്‌നയില്‍ നിന്നും ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
ഇയാളെ കൊച്ചിയിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യും. അറസ്റ്റിനുളള സാധ്യതയും കസ്റ്റംസ് തള്ളിക്കളയുന്നില്ല. ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തതോടെ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ തുടര്‍ന്നുള്ള അന്വേഷണത്തിന് വേഗത കൂടുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ഏറ്റവുമധികം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേന്ദ്രമാണ് കൊടുവള്ളി.
തിരുവനന്തപുരം വിമാനത്താവളം വഴി 30 കിലോ സ്വര്‍ണ്ണം കടത്തിയതിനാണ് സ്വപ്‌നയും സന്ദീപ് നായരുമുള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റിലായത്. എന്നാല്‍ ഇതേ സംഘം ഏകദേശം 400 കിലോ സ്വര്‍ണം നയതന്ത്ര ചാനല്‍ വഴി കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം.

Related posts

Leave a Reply

Your email address will not be published. Required fields are marked *