
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരെ ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കോടതി അനുമതി നല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ മൂന്ന് ദിവസം ചോദ്യംചെയ്യാനാണ് അനുമതി. എന്നാല്‍, ചോദ്യം ചെയ്യലിന്റെ പേരില്‍ പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ഉന്നത പദവി അലങ്കരിക്കുന്ന ഒരു നേതാവ് തനിക്ക് പണമടങ്ങിയ ബാഗ് ഔദ്യോഗികവസതിയില്‍ വച്ച് കൈമാറിയെന്ന് ഡോളര്‍ കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസിന് സ്വപ്‌ന മൊഴി നല്‍കിയതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്‌നയെയും സരിത്തിനെയും ഇന്നുതന്നെ ചോദ്യം ചെയ്യാന്‍ നീക്കം നടത്തുന്നത്. ഇ.ഡി ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് ക്യാംപ് ചെയ്യുന്നുണ്ട്.