Breaking News

അവസാനഘട്ടവും ആവേശഭരിതം: പോളിംഗ് 60% കടന്നു

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലും ആവേശഭരിതം. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം പോളിംഗ് 60% കടന്നിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ്.
354 തദ്ദേശ സ്ഥാപനങ്ങളിലും 6867 വാര്‍ഡുകളിലുമാണ് അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 89,74,993 വോട്ടര്‍മാരും 22,151 സ്ഥാനാര്‍ഥികളുമാണ് ആകെയുള്ളത്. 10,842 പോളിങ് ബൂത്തുകളില്‍ 1,105 എണ്ണം പ്രശ്‌നബാധിതമായതിനാല്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 7 ന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് 6 ന് അവസാനിക്കും.
ഇന്നലെ വൈകിട്ട് 3 മുതല്‍ ഇന്നു വോട്ടെടുപ്പ് അവസാനിക്കും വരെ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കും ക്വാറന്റീനിലാകുന്നവര്‍ക്കും ഹെല്‍ത്ത് ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് നേരിട്ടെത്തി വോട്ടു ചെയ്യാം. ക്യൂവിലുള്ള മറ്റെല്ലാവരും വോട്ട് ചെയ്തശേഷമായിരിക്കും ഇവര്‍ക്ക് അവസരം.
അതേസമയം, തെരഞ്ഞെടുപ്പ് പലയിടത്തും സംഘര്‍ഷത്തിലേക്ക് നീങ്ങി. നാദാപുരം തെരുവംപറമ്പില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ഗ്രാനേഡ് പ്രയോഗിച്ചു. പോലീസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തര്‍ ഏറ്റുമുട്ടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *