Breaking News

പാലാരിവട്ടം പാലം: ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല; ആശുപത്രിയില്‍ തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം അനുവദിക്കുന്നതിന് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയത് പുതുമയല്ലെന്ന് വാദമുയര്‍ത്തിയാണ് ഇബ്രാഹിംകുഞ്ഞ് കോടതിയിയെ സമീപിച്ചത്. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് ജാമ്യം നിഷേധിച്ച കോടതി നിലവില്‍ ഇബ്രാഹിംകുഞ്ഞിനു ആശുപത്രിയില്‍ തുടരാമെന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന സാഹചര്യം വന്നാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും പറഞ്ഞു.
പദ്ധതി നേരത്തെ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരന്‍ മുന്‍കൂര്‍ തുക ചോദിച്ചു. അതുകൊണ്ടാണ് പണം പണം മുന്‍കൂറായി നല്‍കിയത്. ശരിയായ നടപടിക്രമങ്ങളിലൂടെ, 2 ഐഎഎസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയോടെ എത്തിയതിനാലാണു മുന്‍കൂര്‍ തുക നല്‍കാന്‍ അംഗീകാരം കൊടുത്തത്. അത് പുതുമയുള്ള കാര്യമല്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് തന്നെ അറസ്റ്റ് ചെയ്തത്. ഗുരുതരമായ രോഗത്തിന് ഏപ്രില്‍ മുതല്‍ ചികിത്സയിലുള്ള താന്‍ 22 മരുന്നുകള്‍ കഴിക്കുന്നുണ്ട്-അദ്ദേഹം വാദിച്ചു.
എന്നാല്‍, വാദം കേട്ടശേഷം ഇത് നിയമവകുപ്പില്‍ അയയ്‌ക്കേണ്ടതായിരുന്നില്ലേയെന്ന മറുചോദ്യമാണ് കോടതി അദ്ദേഹത്തോട് ചോദിച്ചത്. എന്തെങ്കിലും ക്രമക്കേട് ഉദ്യോഗസ്ഥര്‍ കാണിച്ചാല്‍ മാത്രം നിയമവകുപ്പിന് അയച്ചാല്‍ മതിയെന്ന അഭിഭാഷകന്റെ മറുപടിക്ക് മന്ത്രി റബര്‍ സ്റ്റാംപ് ആണെന്നാണോയെന്നും കോടതി ചോദിച്ചു. അതേസമയം, ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
രേഖകളും മറ്റും പരിശോധിക്കേണ്ടതുണ്ട്. ആശുപത്രിയില്‍നിന്നു മാറിയാലും ചോദ്യം ചെയ്യാന്‍ ചില ബുദ്ധിമുട്ടുകളുണ്ട്. ആര്‍ഡിഎസിന് കരാര്‍ കൊടുത്തത് തട്ടിപ്പാണ്. ആര്‍ഡിഎസ് അല്ല ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. ടെന്‍ഡറില്‍ വ്യവസ്ഥയില്ലെങ്കില്‍ മുന്‍കൂര്‍ തുക നല്‍കാനാവില്ല. മുന്‍കൂര്‍ തുകയ്ക്ക് ‘ചന്ദ്രിക’യിലെ നിക്ഷേപവുമായി ബന്ധമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *