
കടയ്ക്കാവൂർ: കിണറ്റിൽവീണ യുവാവിനെയും രക്ഷിക്കാനിറങ്ങിയ അയൽവാസിയേയും ആറ്റിങ്ങൽ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. കടയ്ക്കാവൂർ പഞ്ചായത്തിൽ തിനവിള അപ്പുപ്പൻ നടയ്ക്ക് സമീപം നെടിയവിളവീട്ടിൽ സുനിയാണ് വീട്ടുമുറ്റത്തെ ഏകദേശം 30 അടി താഴ്ചയും 10 അടിയോളം വെള്ളവും ഉള്ള കിണറ്റിൽ അകപ്പെട്ടത് . ഇയാളെ രക്ഷിക്കാനായി ഫയർഫോഴ്സ് എത്തുന്നതിനു മുമ്പേ സുഹൃത്തും അയൽവാസിയുമായ ബിനു എന്ന യുവാവ് കിണറ്റിലിറങ്ങാൻ ശ്രമിക്കവേ കിണറ്റിനുള്ളിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാർ വിവരം അറിയി ച്ചതനുസരിച്ച് ആറ്റിങ്ങൽ അഗ്നിശമന രക്ഷാസേന ഗ്രേഡ്സ്റ്റേഷൻ ഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൻ ഫയർ ഓഫീസർമാരായ വിക്രമരാജ്, രതീഷ്, ഫയർഓഫീസർ ഡ്രൈവർമാരായ പ്രശാന്ത് വിജയ്, മനീഷ്ക്രിസ്റ്റഫർ, ഹോം ഗാർഡ് മാരായ അരുൺ എസ് കുറുപ്പ്, പ്രജീബ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
കിണറ്റിലകപ്പെട്ട സുനിയേയും രക്ഷിക്കാനിറങ്ങിയ അയൽവാസി ബിനുവിനേയും നെറ്റും റോപ്പും ഉപയോഗിച്ച് സുരക്ഷിതമായി കരയ്ക്കെത്തിച്ചു, വ്യാഴാഴ്ച രാത്രി പത്തരമണിയോടെയാണ് സംഭവം. കൈയ്ക്ക് പരിക്കേറ്റ സുനിയെ സേനയുടെ ആംബുലൻസിൽ വലിയകുന്ന് ഗവ: ആശുപത്രിയിലെത്തിച്ചു.

