
കല്‍ക്കത്ത: തന്റെ വിശ്വസ്തനായിരുന്ന സുവേന്തു അധികാരിയും മമതയും തമ്മില്‍ ഇടഞ്ഞു. 35 വര്‍ഷത്തോളം നീണ്ട ഇടതുപക്ഷ ഭരണം അവസാനിപ്പിക്കാന്‍ മമതയെ കാര്യമായി സഹായിച്ച നേതാവാണ് സുവേന്തു അധികാരി. ഗതാഗത, ജലവിഭവ മന്ത്രിയും മുന്‍ എംപിയുമായ അധികാരി ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിനും മമതയ്ക്കും എതിരെ രംഗത്തുവന്നിരിക്കുകയാണ്.
ദശാബ്ദങ്ങള്‍ തുടര്‍ന്ന ഇടതുപക്ഷ ഭരണത്തെ തൂത്തെറിയാന്‍ കാരണമായ നന്ദിഗ്രാം സമരത്തിന്റെ പ്രധാന നേതാവും ബുദ്ധികേന്ദ്രവുമായിരുന്നു അധികാരി. എന്നാല്‍, പാര്‍ട്ടിയില്‍ താന്‍ ഒതുക്കപ്പെടുന്നു എന്ന പരാതിയാണ് അധികാരിക്ക് ഇപ്പോഴുള്ളത്. മമതയോടുള്ള അകല്‍ച്ചയുടെ കാരണവും അതുതന്നെയാണ്.
ജംഗല്‍ മഹലിലെ പാര്‍ട്ടിയുടെ ചുമതലയില്‍നിന്ന് മമത ഇദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. മമതയുടെ അനന്തരവന് അഭിഷേക് ബാനര്‍ജിയെ പാര്‍ട്ടിയിലെ പുതിയ അധികാരകേന്ദ്രമാക്കാന് തന്നെ ഒഴിവാക്കുകയാണെന്നും അധികാരി കരുതുന്നു.
മമത കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവായ അധികാരി പക്ഷേ, കഴിഞ്ഞ നാലുമാസക്കാലത്തോളം മന്ത്രിസഭാ യോഗങ്ങളിലോ ഭരണപരമായ മറ്റ് യോഗങ്ങളിലോ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയായിരുന്നു. ബംഗാള്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ, അധികാരിയുടെ നിലപാട് മമതയെയും പാര്‍ട്ടിയെയും കടുത്ത പ്രതിസന്ധിയിലാക്കുന്ന് വ്യക്തമാണ്.
അതേസമയം, മമതയുമായി അകലുന്ന അധികാരിയില്‍ കണ്ണുവച്ചിരിക്കുകയാണ് ബി.ജെ.പി.
ബിജെവൈഎം സംസ്ഥാന പ്രസിഡന്റ് സൗമിത്ര ഖാന് അധികാരിയെ ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചിരുന്നു. സത്യസന്ധര്‍ക്ക് ടിഎംസിയില്‍ സ്ഥാനമില്ലെന്നും ബിജെപിയില്‍ മാത്രമേ അദ്ദേഹത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നുമാണ് സുവേന്തു അധികാരിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഖാന് പറഞ്ഞത്.