


വർക്കല: ഇടവ പാറയിൽ തൊടിയിൽ വീട്ടിൽ സരിത(35)യാണ് ഇന്ന് വെളുപ്പിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ടത്. ഇടവ ഗ്രാമപഞ്ചായത്തിന്റെ തൊഴിലുറപ്പ് തൊഴിലാളിയും രണ്ടു കുട്ടികളുടെ മാതാവുമാണ് മരണപ്പെട്ട സരിത. നാല് ദിവസങ്ങൾക്ക് മുമ്പ് (oct 21) വർക്കല താലൂക്ക് ആശുപത്രിയിൽ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും തുടർന്ന് അവിടെ നടത്തിയ ക്ലിനിക്കൽ ടെസ്റ്റിൽ എലിപ്പനിയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ ക്ലിനിക്കൽ പരിശോധനയിലും എലിപ്പനിയുടെ തീവ്രലക്ഷണങ്ങൾ കാണിക്കുകയും രോഗം മൂർച്ഛിക്കുകയും ചെയ്തു. തുടർന്ന് ഇന്ന് വെളുപ്പിന് യുവതി മരണപ്പെടുകയായിരുന്നു. സരിത പഞ്ചായത്തിൻറെ ആരോഗ്യ വിഭാഗം നൽകുന്ന പ്രതിരോധ ഗുളികകൾ കൃത്യമായി കൈപ്പറ്റുന്നുണ്ട് എന്നും എന്നാൽ അവ കഴിക്കുന്നുണ്ടോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല എന്നും ഇടവ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ആശങ്കയറിയിച്ചു. ഇപ്പോൾ സരിതയുടെ സംസ്കാര ചടങ്ങുകൾ ഇടവ പാറയിൽ തൊടിയിൽ വീട്ടിൽ നടക്കുന്നു. ഭർത്താവ് : ജയകുമാർ മക്കൾ : ലിജി , ലിജിൻ







